Police Action | ഓപറേഷൻ ക്ലീൻ കാസർകോടിന്റെ രണ്ടാം ഘട്ട പരിശോധന ശക്തം; മയക്കുമരുന്ന് മാഫിയയെ അമർച ചെയ്യാനുള്ള ശ്രമം പൂർവാധികം ശക്തിയിൽ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി
Mar 30, 2023, 20:43 IST
കാസർകോട്: (www.kasargodvartha.com) ഓപറേഷൻ ക്ലീൻ കാസർകോടിന്റെ രണ്ടാം ഘട്ട പരിശോധന ശക്തം. മയക്കുമരുന്ന് മാഫിയയെ അമർച ചെയ്യാനുള്ള ശ്രമം പൂർവാധികം ശക്തിയിൽ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന വ്യക്തമാക്കി. ഓപറേഷൻ ക്ലീൻ കാസർകോടിന്റെ രണ്ടാം ഘട്ട പരിശോധനയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം, ബെംഗ്ളൂറിൽ വെച്ച് നൈജീരിയക്കാരനിൽ നിന്ന് വൻ വിലകൊടുത്ത് വാങ്ങി കാസർകോട്ടെത്തിച്ച 300 ഗ്രാം മാരക എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയതെന്ന് അദ്ദേഹം അറിയിച്ചു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശാനവാസിനെയാണ് (22) ബുധനാഴ്ച രാത്രി എട്ട് മണിയോടെ നഗരത്തിനടുത്ത ഒരു റോഡിൽ വെച്ച് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടാതെ മാർച് 25ന് കാസർകോട് നടത്തിയ പരിശോധനയിൽ ജില്ലയിലേക്ക് ബെംഗ്ളൂറിൽ നിന്നും മയക്കുമരുന്ന് എത്തിച്ച് മൊത്ത വിതരണം ചെയ്യുന്ന ദിലീപ്, മുഹമ്മദ് സിറാജ് എന്നിവരെ 100ഗ്രാം എംഡിഎംഎയുമായി കാസർകോട് പൊലീസ് പിടികൂടിയിരുന്നു. ഡിസിആർബി ഡിവൈഎസ്പി അബ്ദുർ റഹിം, കാസർകോട് ഡിവെഎസ്പി പികെ സുധാകരൻ, കാസർകോട് എസ്‌ഐ വിഷ്ണുപ്രസാദ്, ജില്ലാ പൊലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് ടീം എന്നിവർ ചേർന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ബെംഗ്ളൂറിൽ നിന്നാണ് പ്രധാനമായും വിൽപനയ്ക്കായി മയക്കുമരുന്നുകൾ കാസർകോട് ജില്ലയിൽ എത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ട പരിശോധനയിൽ ജില്ലയിൽ കാസർകോട്, ബേക്കൽ, കാഞ്ഞങ്ങാട് സബ്ഡിവിഷനുകളിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 300 ല്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകളാണ്. പിടികൂടിയവരിൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഉൾപെട്ടും. ഓപറേഷൻ ക്ലീൻ കാസർകോടിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ് സന്ധിയില്ലാ നിയമ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും വൈഭവ് സക്‌സേന വ്യക്തമാക്കി.
ജില്ലയിലെ മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നിയമ നടപടികള്‍ക്ക് കാസർകോട്ടെ ഉദ്യോഗസ്ഥർക്ക് പുറമെ ബേക്കല്‍ ഡിവൈഎസ്‌പി സി.കെ സുനില്‍കുമാര്‍, കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണന്‍ നായര്‍, നാർകോടിക് ഡിവൈഎസ്‌പി എംഎ മാത്യു എന്നിവരും ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ എസ് എച് ഒമാരും നേതൃത്വം നൽകുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപെട്ട് ജില്ലയിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിന് മുൻപിൽ എത്തിക്കുമെന്നും യുവതലമുറയെ മാരകമായ അവസ്ഥയിൽ നിന്നും മോചിപ്പിക്കാനുള്ള എല്ലാ നിയമപരമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ കാര്യാക്ഷമമായി നടപ്പാക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നിന്റെ പ്രധാന കണ്ണികളിലേക്ക് നടപടികൾ എത്തികൊണ്ടിരിക്കുന്നതായും, ഇക്കാര്യത്തിൽ ജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, Kasaragod, Police, Arrest, Drugs, Case ,DYSP, Bekal, Kanhangad, Bengaluru, MDMA, Second phase of Operation Clean Kasaragod is strong.