Sea erosion | കടലാക്രമണത്തിന് ശമനമില്ല; കടലോര നിവാസികളുടെ ഉപജീവനമാർഗവും കടലെടുക്കുന്നു
കടൽക്ഷോഭവും, ട്രോളിംഗ് നിരോധനവും കൊണ്ട് മീൻ തൊഴിലാളികൾ ഇതിനോടകം ദുരിതമനുഭവിക്കുന്നുണ്ട്
കുമ്പള: (KasaragodVartha) കാലവർഷം കൂടുതൽ ശക്തി പ്രാപിച്ചതോടെ കുമ്പള തീരത്ത് കടൽക്ഷോഭവും രൂക്ഷമായി. കടൽ ഭിത്തികളൊക്കെ കടലെടുത്തുകൊണ്ടിരിക്കുന്നു. മീൻ തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികൾ ഏറെ ആശങ്കയിലാണ്.
കുമ്പള കോയിപ്പാടി, പെർവാഡ്, നാങ്കി, കൊപ്പളം പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളിൽ ചില വീടുകൾക്കും കടലാക്രമ ഭീഷണി നേരിടുന്നുണ്ട്. മൊഗ്രാൽ നാങ്കി കടപ്പുറത്തെ സ്വകാര്യ റിസോർട്ട് കഴിഞ്ഞദിവസം കടലാക്രമണത്തിൽ തകർന്നിരുന്നു. മറ്റൊരു റിസോർട്ട് കൂടി ഇവിടെ കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ റിസോർട്ടിന്റെ ഒരുഭാഗത്തെ മതിലുകൾ ഇതിനകം കടലെടുത്തു കഴിഞ്ഞു.
അതിനിടെ കടലോര നിവാസികളുടെ ഉപജീവനമാർഗവും അടയുന്ന കാഴ്ചയാണ് കാണുന്നത്. കടൽക്ഷോഭവും, ട്രോളിംഗ് നിരോധനവും കൊണ്ട് മീൻ തൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോഴാണ് തെങ്ങുകളും കടലെടുക്കുന്നത്. 200 മീറ്ററിലേറെ കടൽ കരയെ വിഴുങ്ങിയപ്പോൾ പെർവാഡും, നാങ്കിയിലുമായി ഇതിനകം 25 ഓളം തെങ്ങുകളാണ് കടപുഴകി കടലിൽ വീണത്. അത്രതന്നെ തെങ്ങുകൾ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലുമാണ് ഇപ്പോഴുള്ളത്.
ഫോട്ടോ: പെർവാഡ്, നാങ്കി തീരത്ത് കടലെടുത്തുകൊണ്ടിരിക്കുന്ന തെങ്ങുകൾ.