Kallakadal | തീരത്ത് വ്യാപകമായ കടൽ ക്ഷോഭം; ബീചുകളിലെത്തിയവരെ മടക്കി അയച്ച് പൊലീസ്; ജാഗ്രതയോടെ അധികൃതർ
ഞായറാഴ്ച അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
കാസർകോട്: (KasaragodVartha) കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തീരത്ത് വ്യാപകമായ കടൽ ക്ഷോഭം. തൃക്കണ്ണാട്, ബേക്കൽ പ്രദേശത്ത് ഒന്നര മീറ്ററിലധികം ഉയരത്തിൽ കടൽ കയറി. എന്നാൽ ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും തിരമാലകൾ ഉയർന്നുപൊങ്ങുകയാണ്.
കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറൻജ് ജാഗ്രത തുടരുകയാണ്. ഞായറാഴ്ച അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച ചുവന്ന ജാഗ്രത മുന്നറിയിപ്പ് ശനിയാഴ്ച പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.
കടൽ ക്ഷോഭത്തെയും മുന്നറിയിപ്പുകളെയും തുടർന്ന് തീരപ്രദേശങ്ങളിൽ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ ജാഗ്രതയിലാണ്. വിവിധ ബീച്ചുകളിലെത്തിയവരെ പൊലീസ് മടക്കി അയച്ചു. കുടുംബസമേതവും മറ്റുമായി നിരവധി പേരാണ് ബീച്ചുകളിലേക്ക് വന്നത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ നേരത്തെ തന്നെ നിർദേശിച്ചിരുന്നു. വള്ളങ്ങളിലും ചെറിയ യാനങ്ങളിലും മീൻ പിടിക്കുന്നതിനും വിലക്കുണ്ട്.
കടലേറ്റമുണ്ടായ ബേക്കൽ തൃക്കണ്ണാട് കടൽതീരം ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഞായറാഴ്ച രാവിലെ സന്ദർശിച്ചു. കടലേറ്റമുണ്ടായ പ്രദേശങ്ങളിൽ കടൽ ഭിത്തി നിർമിക്കുന്നതിന് പുതിയ നിർദേശം സമർപ്പിക്കാൻ ജലസേചനവകുപ്പ് എക്സിക്യുടീവ് എൻജിനീയർക്ക് കലക്ടർ നിർദേശം നൽകി. നബാർഡ് സഹായത്തോടെ കടൽ സംരക്ഷണ ഭിത്തി നിർമിക്കാൻ പത്തു ദിവസത്തിനകം പ്രൊപോസൽ സമർപിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
എന്താണ് കള്ളക്കടൽ?
തീരത്ത് അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണ്. വിദൂര കടലിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്ന വലിയ തിരമാലകളാണ് ഇതിന് കാരണം. ഈ തിരമാലകൾ ആഴ്ചകളോ മാസങ്ങളോ സമുദ്രത്തിലൂടെ സഞ്ചരിച്ചാണ് തീരത്തെത്തുന്നത്. അവ തീരത്തെത്തുമ്പോൾ വലിയ തിരമാലകൾ സൃഷ്ടിക്കുകയും തീരദേശ പ്രദേശങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുന്നു. സാധാരണ തിരമാലകളെക്കാൾ വളരെ ഉയരം കൂടിയ തിരമാലകളാണ് കള്ളക്കടലിൽ ഉണ്ടാകുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും കൃത്യമായ സമയം കണക്കാക്കാൻ പ്രയാസമാണ്.