Complaint | റോഡരികിലെ ആക്രിക്കട വഴിയാത്രയെ തടസപ്പെടുത്തുന്നതായി പരാതി
● വഴിയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട്.
● റോഡ് കയ്യേറിയാണ് സാധനങ്ങൾ സൂക്ഷിക്കുന്നതെന്നാണ് ആരോപണം.
● അധികൃതർ ഇടപെടണമെന്ന് ആവശ്യം.
കാഞ്ഞങ്ങാട്: (KasargodVartha) റോഡരികിൽ പ്രവർത്തിക്കുന്ന ആക്രിക്കട വഴിയാത്രയെ തടസപ്പെടുത്തുന്നതായി പരാതി. കല്ലൂരാവിയിൽ അഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന കട റോഡ് കയ്യേറിയാണ് സാധനങ്ങൾ സൂക്ഷിക്കുന്നതെന്നാണ് ആരോപണം. കടയുടെ വാഹനം പതിവായി റോഡിലാണ് നിർത്തിയിടുന്നതെന്നും ആക്ഷേപമുണ്ട്.
വിദ്യാർഥികൾക്കും മറ്റ് വഴി യാത്രക്കാർക്കും വഴി തടസപ്പെടുന്നത് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ചിലർ കട ഉടമയോട് പരാതി പറഞ്ഞപ്പോൾ കുറച്ച് ദിവസം മാത്രം തടസങ്ങൾ ഒഴിവാക്കിയെങ്കിലും ഇപ്പോൾ വീണ്ടും എല്ലാം പഴയപടിയിലേക്ക് നീങ്ങിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വാഹനങ്ങളുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലത്താണ് കട പ്രവർത്തിക്കുന്നത്. കർണാടക സ്വദേശിയാണ് കട നടത്തുന്നത്. അരിക് ചേർന്ന് നടന്നു പോകുമ്പോൾ പുറത്തേക്ക് തള്ളി നിൽക്കുന്ന തുരുമ്പ് പേലുള്ള സാധനങ്ങൾ കുട്ടികളുടെ ദേഹത്തും കാലിനും തട്ടി മുറിവേക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടെന്നും പലപ്പോഴും കുപ്പിച്ചില്ലുകൾ അടക്കം റോഡിലേക്ക് വീണുകിടക്കുന്നതായും ചൂണ്ടിക്കാണിക്കുന്നു.
ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
#roadblock #Kanhangad #localissue #traffic #safety