city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യമുനാകുമാരിക്കും മക്കള്‍ക്കും ഇനി വേവിച്ച ഭക്ഷണം കഴിച്ച് ജീവിക്കാം

കുറ്റിക്കോല്‍: (www.kasargodvartha.com 22.08.2016) യമുനാകുമാരിക്കും മക്കള്‍ക്കും ഇനി വേവിച്ച ഭക്ഷണം കഴിച്ച് ജീവിക്കാം. ഭക്ഷണം വേവിക്കാന്‍ വിറകോ മണ്ണെണ്ണയോ ഇല്ലാതെ ദുരിതമനുഭവിച്ച മുന്നാട് കുളിയംമരത്തിലെ യമുനാ കുമാരിയുടേയും മക്കളുടേയും ദുരിതകഥയറിഞ്ഞ കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കുടുംബത്തിന് സാന്ത്വനവുമായെത്തി.

കെ യമുനാ കുമാരിയും അഞ്ച് മക്കളും ദുരിതക്കയത്തിലായിട്ട് മാസങ്ങളായി. യമുനയുടെ അച്ഛന്‍ നാരായണന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയേയും യമുനയേയും ഉപേക്ഷിച്ച് പോയിരുന്നു. അമ്മ കാര്‍ത്യായനി ജീവന്‍ വെടിഞ്ഞതിനെ തുടര്‍ന്ന് അമ്മ ജോലി ചെയ്തിരുന്ന അംഗന്‍വാടിയില്‍ സഹായിയായി യമുനക്ക് നിയമനം ലഭിച്ചു. തുടര്‍ന്ന് അമ്മാവന്റെ സംരക്ഷണയില്‍ കഴിഞ്ഞ യമുന അയല്‍വാസിയായ രാജനെ വിവാഹം കഴിച്ചു.

മിശ്രവിവാഹിതരായ ഇവര്‍ക്ക് അഞ്ചു കുട്ടികളും ജനിച്ചു. ഇതിനിടയില്‍ മദ്യത്തിനടിമയായ രാജന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജീവന്‍ വെടിഞ്ഞതോടെയാണ് ഇവരുടെ ജീവിതം ദുരിതമയമായത്. അഞ്ച് സെന്റ് സ്ഥലത്ത് ഒറ്റമുറി വീട്ടില്‍ താമസിച്ചിരുന്ന ഇവരുടെ വീട് കാലപ്പഴക്കത്താല്‍ ഇതിനിടെ തകരുകയും ചെയ്തു. ഇതോടെ മക്കളുമായി വാടക വീട്ടിലേക്ക് താമസം മാറേണ്ട അവസ്ഥയുമായി. അംഗന്‍വാടിയില്‍ നിന്നും ലഭിക്കുന്ന 4100 രൂപയില്‍ 2000 രൂപയും വാടക നല്‍കേണ്ട അവസ്ഥയായതോടെ കുടുംബ ബജറ്റ് താളം തെറ്റി.

കുട്ടികള്‍ക്ക് മരുന്ന് മേടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. പുതിയ താമസ സ്ഥലത്താകട്ടെ പാചകം ചെയ്യുന്നതിന് ഒരു തരി വിറകുപോലുമില്ല. റേഷന്‍കാര്‍ഡില്‍ കിട്ടുന്ന ലേശം മണ്ണെണ്ണ ഏതാനും ദിവസത്തേക്ക് മാത്രം. മണ്ണെണ്ണയോ വിറകോ കൂടുതലായി വാങ്ങാന്‍ മാസ വരുമാനം തികയുന്നുമില്ല. അതിനാല്‍ മിക്കസമയത്തും ചോറിന് പകരം അവിലാണ് ഇവരുടെ ഭക്ഷണം. മക്കള്‍ക്ക് ഭക്ഷണം വേവിച്ച് നല്‍കാന്‍ പോലും കഴിയാതെ ദുരിതത്തിലായ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കുടുംബത്തിന് ഭക്ഷണം പാചകം ചെയ്യുന്നതിനായി പുതിയൊരു ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുകയായിരുന്നു.

ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ് എന്നിവ കൂടാതെ ഏതാനും ദിവസത്തേക്ക് പാചകം ചെയ്യാനുള്ള അരിയും പച്ചക്കറികളും ലഭ്യമാക്കി. എ യു പി സ്‌കൂള്‍ പ്രധാനാധ്യാപിക ലിസി അഗസ്റ്റിന്‍, സ്‌കൂള്‍ മാനേജര്‍ ഡോ. എം നാരായണന്‍ നായര്‍, അധ്യാപകരായ കെ ആര്‍ സാനു, ഒ കെ കുഞ്ഞിരാമന്‍, മഞ്ജുനാഥ ഭട്ട്, കെ ഷീല, കെ ശ്രീലത, ഓമന ജോസഫ്, എ വിജയകുമാരി, കെ ഗീത, എം ഷര്‍മിള, വനജകുമാരി, ഇ സരസു, കെ എം സരസ്വതി, എം രാജേന്ദ്രന്‍, ഹരി നാരായണന്‍, പി എം രാമചന്ദ്രന്‍, പി ടി എ പ്രസിഡണ്ട് സുരേഷ് കരുവിഞ്ച്യം, എസ് എസ് ജി കണ്‍വീനര്‍ സി അശോകന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

യമുനാകുമാരിക്കും മക്കള്‍ക്കും ഇനി വേവിച്ച ഭക്ഷണം കഴിച്ച് ജീവിക്കാം

Keywords : Kuttikol, Family, Helping Hands, School, Students, House, Kasaragod, Yamuna Kumari.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia