Koora Thangal | സയ്യിദ് ഫസല്‍ കോയമ്മ ഖുറാ തങ്ങളുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി
മയ്യിത്ത് നിസ്‌കാരം വൈകുന്നേരം അഞ്ച് മണിയോടെ എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും പിന്നീട് കാസർകോട് ദേളിയിലെ ജാമിഅ സഅദിയ്യയിലും കര്‍ണാടകയിലെ ഉള്ളാളിലും നടന്നു
മംഗ്ളുറു: (KasargodVartha) തിങ്കളാഴ്ച രാവിലെ വിടവാങ്ങിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ (64) യുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. തിങ്കളാഴ്ച രാത്രി 10 മണിയോടെ പുത്തൂർ കുറത്തെ ജുമാ മസ്‌ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷമാണ് ഖബറടക്ക ചടങ്ങുകൾ നടന്നത്.
കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ഉൾപ്പെടെയുള്ള മത നേതാക്കളും കർണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സുന്നീ സംഘടനാ നേതാക്കളും പ്രവർത്തകരും ഉള്ളാളിലും കുറത്തും മയ്യത്ത് നിസ്കാരത്തിനും ഖബറടക്ക ചടങ്ങുകൾക്കും സാക്ഷിയായി.
തിങ്കളഴാച രാവിലെ എട്ടിക്കുളത്തെ സ്വവസതിയിലായിരുന്നു തങ്ങളുടെ അന്ത്യം. മയ്യിത്ത് നിസ്‌കാരം വൈകുന്നേരം അഞ്ച് മണിയോടെ എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും പിന്നീട് കാസർകോട് ദേളിയിലെ ജാമിയ സഅദിയ്യയിലും കര്‍ണാടകയിലെ ഉള്ളാളിലും നടന്നു. ജാമിഅ സഅദിയ്യില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നൽകി.
ഉള്ളാളിൽ വൻ തിരക്ക് കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. പൊലീസ് ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. മരണം വിവരം അറിഞ്ഞ് മത - സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ രാവിലെ മുതൽ തന്നെ എട്ടിക്കുളത്തെ വസതിയിൽ എത്തിച്ചേർന്നിരുന്നു.