Accident | മണൽ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; 8 ലക്ഷം രൂപയുടെ നഷ്ടം; 'അപകടം അനധികൃത കടത്തിനിടെ'
● രണ്ട് ഷടർ കട മുറി പൂർണമായും തകർന്നിട്ടുണ്ട്. ബേക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
● കടയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കുട്ടികൾ ഉൾപ്പെടെയുള്ള നാലംഗ കുടുംബം താമസിക്കുന്നുണ്ട്.
● അപകട സ്ഥലത്ത് നാട്ടുകാർ ഇടപെട്ട് ലോറി നീക്കാൻ തടഞ്ഞു.
പള്ളിക്കര: (KasargodVartha) മണൽ ലോറി കടയിലേക്ക് ഇടിച്ചുകയറി. സംഭവത്തിൽ കടയുടമയ്ക്ക് ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പള്ളിക്കര പൂച്ചക്കാട് കിഴക്കേക്കര തൊട്ടിയിലെ ആലക്കോടൻ ബാലകൃഷ്ണന്റെ രണ്ടു മുറി കടയിലേക്കാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ കെ എൽ 16 കെ 2613 നമ്പർ ടിപർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി മറിഞ്ഞത്.
അനധികൃത മണലുമായി പോവുകയായിരുന്ന ലോറി കൂട്ടക്കനിയിൽ നിന്ന് പൊലീസ് പട്രോളിങ് കണ്ടതോടെ പൂച്ചക്കാട് കൊട്ടിയിലേക്കുള്ള റോഡിൽ കൂടി അമിതവേഗതയിൽ പൊലീസിനെ വെട്ടിച്ച് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കടയിലേക്ക് ഇടിച്ചുകയറിയതെന്നാണ് പറയുന്നത്.
രണ്ട് ഷടർ കട മുറി പൂർണമായും തകർന്നിട്ടുണ്ട്. ബേക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം പുലർച്ചെ തന്നെ അപകടമുണ്ടാക്കിയ ടിപർ ലോറി സംഭവസ്ഥലത്തു നിന്ന് നീക്കാനുള്ള ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. കടയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കുട്ടികൾ ഉൾപ്പെടെയുള്ള നാലംഗ കുടുംബം താമസിക്കുന്നുണ്ട്. വലിയൊരു ദുരന്തം ഒഴിവായതിലുള്ള ആശ്വാസത്തിലാണ് പ്രദേശവാസികൾ.
#SandLorryCrash, #ShopDamage, #KasargodAccident, #KeralaNews, #LorryAccident, #Loss