city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത അസുഖത്തിന് മുന്നില്‍ സൈഫുദ്ദീനും നിസ്സഹായന്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം, നാട് ഒരുമിക്കുന്നു

ചെര്‍ക്കള: (www.kasargodvartha.com 29/09/2016) ബേവിഞ്ച കല്ലുക്കൂട്ടത്തെ അബ്ബാസിന്റെ ആണ്‍തരികളെയെല്ലാം പിടികൂടിയ ആ അസുഖം ഇപ്പോള്‍ സൈഫുദ്ദീനെ (22) യും വേട്ടയാടുകയാണ്. രണ്ട് സഹോദരങ്ങളെ നഷ്ടപ്പെട്ട സൈഫുദ്ദീന്‍ ഇപ്പോള്‍ അസുഖം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആല്‍പോര്‍ട്ട് സിന്‍ഡ്രോം എന്ന പാരമ്പര്യ രോഗമാണ് സൈഫുദ്ദീനെ ബാധിച്ചത്.

സഹോദരന്‍ ഇര്‍ഷാദ് ഏഴ് വര്‍ഷം മുമ്പ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മറ്റൊരു സഹോദരന്‍ റിയാസ് കഴിഞ്ഞ വര്‍ഷം മരണത്തിന് കീഴടങ്ങി. ഇളയ സഹോദരന്‍ ഫൈറൂസിനും ഇപ്പോള്‍ ഈ അസുഖത്തിന്റെ ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്. 30 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ അടിയന്തിരമായും നടത്തിയില്ലെങ്കില്‍ സൈഫുദ്ദീന്റെയും ജീവന്‍ അപകടത്തിലാകുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ സൈഫുദ്ദീന്റെ ശസ്ത്രക്രിയയ്ക്കായി വേണ്ട വലിയ തുക കണ്ടെത്താന്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുകയാണ്്. എന്നാല്‍ ഇവര്‍ക്കൊന്നും താങ്ങാനാവാത്ത തുകയാണ് സൈഫുദ്ദീന്റെ ചികിത്സയ്ക്ക് വേണ്ടത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച ചികിത്സാ സഹായ കമ്മിറ്റിയും, സൈഫുദ്ദീന്‍ പഠിച്ച കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് വെവ്വേറെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ചികിത്സാ സഹായ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരാണ് കിഡ്‌നി മാറ്റി വെക്കാന്‍ നിര്‍ദേശിച്ചത്. ഇതിന് മുന്നോടിയായി സൈഫുദ്ദീനെ ഡയാലിസിസിന് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ്. കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ സൈഫുദ്ദീന് രോഗ ലക്ഷണം കണ്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ പിതാവ് അബ്ബാസിന്റെയും കുടുംബത്തിന്റെയും നെഞ്ചകം തകര്‍ന്നു. മൂന്ന് മക്കളുടെ ചികിത്സാ തുക കൂലിപ്പണിക്കാരനായ അബ്ബാസിന് വലിയ ബാധ്യതയായിരുന്നു. പിതാവിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി മക്കളെല്ലാം തന്നെ ചികിത്സയ്ക്ക് സ്വന്തം നിലയ്ക്കായി പണം കണ്ടെത്താന്‍ ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങിനെയിരിക്കെയാണ് ഇര്‍ഷാദും, റിയാസും മരണപ്പെട്ടത്.

ജീവിതത്തില്‍ കൗമാരം മുതല്‍ രോഗത്തോട് പൊരുതിത്തുടങ്ങിയ സൈഫുദ്ദീന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തുന്നവരെ നിറപുഞ്ചിരിയോടെ നോക്കുന്നത് ആരുടെയും കരളലിയിക്കും. ജീവിക്കാന്‍ കൊതിയുണ്ടെന്ന് അവന്റെ ഓരോ നോട്ടത്തിലും ചിരിയിലും പോലുമുണ്ട്. തന്റെ രോഗാവസ്ഥ അറിഞ്ഞപ്പോഴോ, അത് മൂര്‍ച്ഛിച്ചപ്പോഴോ സൈഫു കണ്ണീര്‍ വാര്‍ത്തില്ല. സഹോദരങ്ങളുടെ നിശ്ചല മുഖം കണ്ടപ്പോള്‍ മാത്രമാണ് അവന്റെ മുഖമൊന്ന് വാടിയത്. മക്കള്‍ക്ക് സംഭവിക്കുന്ന ഈ ദുര്‍ഗതിയോര്‍ത്ത് പിതാവ് ദുഖം ഉള്ളിലടക്കി കഴിയുകയാണ്. എല്ലാത്തിനുമിടയില്‍ രണ്ട് പെണ്‍മക്കളെ കെട്ടിച്ചയച്ചു. ഒരു മകള്‍ വിദ്യാര്‍ത്ഥിനിയാണ്.

പഠനത്തിനിടെ സൈഫുദ്ദീനും ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ പഠനവും ജോലിയുമെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇപ്പോള്‍ ഡയാലിസിസ് ചെയ്തുവരുന്നത്. നാട്ടിലെ എല്ലാവര്‍ക്കും ഉപകാരിയായിരുന്ന സൈഫുദ്ദീനും ഈ രോഗം പിടിപെട്ടത് കുടുംബത്തെ പോലെ തന്നെ നാട്ടുകാരെയും തളര്‍ത്തി. നാട്ടിലും മറ്റുമായി വലിയ സൗഹൃദ ബന്ധമാണ് സൈഫുദ്ദീനുള്ളത്. തന്റെ രോഗത്തിന്റെയും ആകുലതകള്‍ക്കുമിടയില്‍ മറ്റുള്ളവരെ സഹായിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സൈഫുദ്ദീന്‍ ഓടിനടന്നിരുന്നു. സൈഫുവിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഉദാരമതികളുടെ സഹായം ഉണ്ടായാല്‍ മാത്രമേ സാധ്യവാകൂ.

സൈഫുദ്ദീനെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ മുഹമ്മദ് കുഞ്ഞി കടവത്ത് ചെയര്‍മാനും, ഗഫൂര്‍ കണ്‍വീനറുമായും ചികിത്സ സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. സഹായങ്ങള്‍: Mohammed Kunhi Kadavath/ B.M Gafoor. A/C NO: 0671 0530 0000 5023, IFSC Code: SIBL 0000671, South Indian Bank, Cherkala Branch എന്ന ബാങ്ക് അക്കൗണ്ട് വഴി എത്തിക്കാം. ഫോണ്‍: 9497835888, 9400006600.

രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത അസുഖത്തിന് മുന്നില്‍ സൈഫുദ്ദീനും നിസ്സഹായന്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം, നാട് ഒരുമിക്കുന്നു

Keywords : Cherkala, Bevinja, Natives, Treatment, Hospital, Kasaragod, Family, Saifudheen, Kidney.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia