സൗരോര്‍ജ്ജ ഗവേഷണം: സഹൃദയവേദി പുരസ്‌ക്കാരം വേണുഗോപാലന്‍ നായര്‍ക്ക്
Jun 28, 2012, 13:07 IST
നീലേശ്വരം: പുനരുജ്ജീവന ഊര്‍ജ്ജരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ സി.എം. വേണുഗോപാലന്‍ നായര്‍ക്ക് കേരള സഹൃദയവേദി പുരസ്‌ക്കാരം സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി കെ കുഞ്ഞാലികുട്ടിയില്‍ നിന്നാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.
ബോഷ് ലിമിറ്റഡില്‍ സാങ്കേതിക, കോര്‍പ്പറേറ്റ് വിഭാഗങ്ങളിന്‍ ഇന്ത്യയിലും ജര്‍മനിയിലും ഉന്നത തസ്തികകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ച വേണുഗോപാലന്‍ നായര്‍ ഇപ്പോള്‍ ബാംഗ്‌ളൂരില്‍ സൗരോര്‍ജ്ജ വിഭാഗം ഡയറക്ടറാണ്. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം സോഫ്റ്റ് വെയര്‍ സിസ്റ്റംസ്, എക്‌സിക്യൂട്ടിവ് മാനേജ്‌മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഇന്ത്യന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ച ശേഷം 1999 ലാണ് ജര്‍മ്മന്‍ എഞ്ചിനീയറിങ് സ്ഥാപനമായ ബോഷില്‍ ചേര്‍ന്നത്. ഈ കാലയളവിലാണ് സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തിയുള്ള പുനരുജ്ജീവന ഊര്‍ജ്ജ വിഭാഗത്തിലേക്ക് ശ്രദ്ധ തിരിഞ്ഞത്.
തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സൗരോര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതീകരണത്തിനു നേതൃത്വം നല്‍കി. ബീഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് സൗരോര്‍ജ്ജ പദ്ധതിക്ക് സമയം കണ്ടെത്തിയത്. കേരളത്തില്‍ മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പാനല്‍ ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ ഇദ്ദേഹം പ്രധാന പങ്കുഹിച്ചു. റിട്ട. ഡിഇഒ എം.ശങ്കരന്‍ നമ്പ്യാരുടെയും നീലേശ്വരം പഞ്ചായത്ത് മുന്‍ അംഗം സി.എം. ഭാര്‍ഗവി ടീച്ചറുടെയും മകനാണ്.
Keywords: Kerala Sahrdayavedi award, Venugopalan Nair, Nileshwaram, Kasaragod