city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണ വാരാഘോഷത്തിന് ബുധനാഴ്ച കാസര്‍കോട്ട് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയനെത്തും

കാസര്‍കോട്: (www.kasargodvartha.com 12.11.2018) അറുപത്തിയഞ്ചാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് ബുധനാഴ്ച തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാരാഘോഷം ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
സഹകരണ വാരാഘോഷത്തിന് ബുധനാഴ്ച കാസര്‍കോട്ട് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയനെത്തും

വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാന തല പ്രസംഗമത്സര വിജയികള്‍ക്ക് പി കരുണാകരന്‍ എം.പി സമ്മാനം നല്‍കും. സഹകരണ യൂണിയന്‍ നടത്തിയ എച്ച്.ഡി.സി. ആന്റ് ബി.എം, ജെ.ഡി.സി. പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്,എം.രാജഗോപാലന്‍ എന്നിവര്‍ നല്‍കും.മികച്ച വിജയം കരസ്ഥമാക്കായ സഹകരണ പരിശീലന കേന്ദ്രത്തിന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.അവാര്‍ഡ് നല്‍കും.സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസ്‌ക് ഫണ്ട് വിതരണവും നടക്കും. ജനപ്രതിനിധികളും പ്രമുഖ സഹകാരികളും സംസാരിക്കും.

ഉച്ചയ്ക്ക് രണ്ടിന് കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുള്ള അവസരവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കണ്ണൂര്‍ ഐ.സി.എം. ഫാക്കല്‍റ്റി അംഗം വി.എന്‍. ബാബു പ്രബന്ധം അവതരിപ്പിക്കും. പി.എ.സി.എസ്. അസോസിയേഷന്‍ പ്രസിഡന്റ് വി. ജോയ് എം.എല്‍എ. മോഡറേറ്ററാകും. ഇടുക്കി ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ രാജേഷ്, സംസ്ഥാന സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗം കരകുളം കൃഷ്ണപ്പിള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500 പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ എട്ടിന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തും.

വാരാഘോഷത്തിന്റെ ഭാഗമായി ടൗണ്‍ ഹാളിന് സമീപം ചിത്രകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുക്കുന്ന 'ഒരു കൈവര ഒരുകൈതാങ്ങ്' പരിപാടി പ്രശസ്ത ചിത്രകലാകാരന്‍ പി.എസ്. പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും. വാരാഘോഷത്തിന്റെ പ്രചാരണാര്‍ഥം ജില്ലയില്‍ വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ജൈവ കൃഷിയും തുടങ്ങിയിട്ടുണ്ട്. വാരാഘോഷത്തിന്റെ മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട് നഗരത്തില്‍ വിളംബര ജാഥ നടക്കും.

കേരള പുന:സൃഷ്ടിക്കായി 'കെയര്‍ കേരള'പദ്ധതിയും സഹകരണ ബാങ്കിംഗ് രംഗത്തെ സമഗ്ര ഘടനാമാറ്റത്തിനും ഒരുങ്ങുന്ന സാഹചര്യത്തിലാണ് സഹകരണ വാരാഘോഷം നടക്കുന്നത്. 'സഹകരണ പ്രസ്ഥാനത്തിന്റെ സമഗ്ര വികാസത്തിനും സദ്ഭരണത്തിലും കൂടിയുള്ള ഗ്രാമീണാഭിവൃദ്ധി' എന്നതാണ് ഈ വര്‍ഷത്തെ സഹകരണ വാരാഘോഷത്തിന്റെ പ്രമേയം. 15 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സഹകരണ സെമിനാറുകള്‍ നടക്കും. വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനം 20-ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് സംസ്ഥാന സഹകരണയൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ചെയര്‍മാനായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, അഡ്വ. എ.സി. അശോക് കുമാര്‍, വി. മുഹമ്മദ് നൗഷാദ്, കെ. മുരളീധരന്‍, കെ. ജയചന്ദ്രന്‍, എസ്.പി. കൃഷ്ണ രാജ്, പി.കെ. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Chief Minister Pinarayi Vijayan, News, Sahakarana Varaghosham will be inaugurated by Chief Minister Pinarayi Vijayan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia