Investigation | സച്ചിത റൈയെ കസ്റ്റഡിയില്‍ വാങ്ങുന്നത് വൈകും; '30 പേരില്‍ നിന്നും പണം വാങ്ങിയെന്ന് സമ്മതിച്ചു'
● രാഷ്ട്രീയ സ്വാധീനം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തം.
● കേസിലെ പൊലീസിന്റെ മെല്ലെപ്പോക്ക് ചര്‍ച്ചയാകുന്നു.
● റിക്രൂട്‌മെന്റ് സ്ഥാപന ഉടമയിലേക്ക് അന്വേഷണം എത്തിയില്ല.
കാസര്‍കോട്: (KasargodVartha) കോടികളുടെ തട്ടിപ്പ് നടത്തിയ മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമിറ്റിയംഗവും പൈവളികെ ബാഡൂരിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുമായ സച്ചിത റൈ(Sachitha Rai-27)ക്കെതിരെ കൂടുതല്‍ പരാതിയെത്തിയെന്ന് അനേഷണ സംഘം വെളിപ്പെടുത്തി.
30 ഓളം പേരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് സച്ചിത പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. നാല് കോടി രൂപ പെര്‍ളയിലെ ഗ്രാമീണ്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലെ സച്ചിതയുടെ രണ്ട് അകൗണ്ടുകളിലൂടെ ഒഴികിയിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ഇപ്പോള്‍ ഈ രണ്ട് അകൗണ്ടിലും മിനിമം ബാലന്‍സ് മാത്രമാണുള്ളതെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ഇത്രയും രൂപ എന്ത് ചെയ്തുവെന്നും ആര്‍ക്കൊക്കെ കൊടുത്തുവെന്നും അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ സച്ചിതയുടെ കേസിലെ പൊലീസിന്റെ മെല്ലെപ്പോക്ക് ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനം സച്ചിതക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. സിപിസിആര്‍ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കര്‍ണാടകയിലെ എക്‌സൈസ്, വനം വകുപ്പ് എന്നിവയില്‍ ജോലി വാഗ്ദാനം ചെയ്താണ് സച്ചിത പലരില്‍നിന്നുമായി ലക്ഷങ്ങള്‍ കൈക്കലാക്കിയതെന്നാണ് വിവരം. കേസില്‍ സച്ചിത ജോലിക്കായി പണമിടപാട് നടത്തിയെന്ന് പറയുന്ന കര്‍ണാടക ഉഡുപ്പിയിലെ റിക്രൂട്‌മെന്റ് സ്ഥാപന ഉടമ ചന്ദ്രശേഖറ കുന്താറിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് നടപടി തുടങ്ങിയിട്ടില്ല. സച്ചിതയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ റിക്രൂട്‌മെന്റ് സ്ഥാപന ഉടമയിലേക്ക് അന്വേഷണം എത്തൂവെന്നാണ് പൊലീസ് പറയുന്നത്.
എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജിയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സച്ചിതയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതായി വിവരമില്ല. ഇതിനകം തന്നെ സച്ചിതക്കെതിരെ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ബെള്ളൂര്‍, കിന്നിംഗാറിലെ ലീലാവതിയുടെ പരാതിയില്‍ ആദൂര്‍ പൊലീസാണ് കേസെടുത്തത്. ലീലാവതിയുടെ മകന്‍ ചന്ദ്രശേഖരന് കര്‍ണാടക എക്സൈസില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
കുമ്പള, കാസര്‍കോട്, ബദിയടുക്ക, മഞ്ചേശ്വരം, ആദൂര്‍, മേല്‍പറമ്പ്, അമ്പലത്തറ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലാണ് സച്ചിതയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസ് കര്‍ണാടക ഉപ്പിനങ്ങാടിയിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
#SachithaRai #fraud #DYFI #Kerala #arrest #investigation #jobscam #police #corruption