ഓടിക്കൊണ്ടിരിക്കെ കെ.എസ്. ആര്‍. ടി. സി ബസിന്റെ ചില്ല് തവിടുപൊടിയായി
Nov 27, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 27/11/2015) അപകടങ്ങള്‍ തടയാന്‍ കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്രേതബാധ തടയാന്‍ നടത്തിയ പൂജയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്നതിനിടെ മംഗലാപുരത്ത് നിന്നും തലശ്ശേരി വരെ പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍വശത്തെ എമര്‍ജന്‍സി വിന്‍ഡോയുടെ ഗ്ലാസ് തകര്‍ന്നു. വ്യാഴാഴ്ച്ച വൈകുനേരം നാല് മണിയോടെയാണ് സംഭവം.
നീലേശ്വരം പള്ളിക്കരയിലെത്തിയപ്പോഴാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ചില്ല് തകരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.
ഉടന്‍ ബസ് നിര്‍ത്തിയെങ്കിലും ചെറുതായി പൊട്ടിയ നിലയിലായതിനാല്‍ അത് കാര്യമാക്കാതെ യാത്ര തുടര്‍ന്നു. എന്നാല്‍ മയ്യിച്ചയില്‍ അടുത്തിടെ നിര്‍മ്മിച്ച ഹമ്പുകളില്‍ വാഹനം കുലുങ്ങിയപ്പോള്‍ ഗ്ലാസ് പൂര്‍ണമായി തവിടുപൊടിയാവുകയായിരുന്നു. ഉടന്‍ വാഹനം നിര്‍ത്തി പൊടിഞ്ഞ ചില്ലുകളുടെ അവശിഷ്ടം പൂര്‍ണമായും മാറ്റി .
തലശേരി ഡിപ്പോയിലെ കെ എസ് സി 583 നമ്പര്‍ ബസിനാണ് യാതൊരു കാരണവുമില്ലാതെ ഈ ദുരിതമുണ്ടായത്. പ്രേതബാധയാണെന്ന് യാത്രക്കാരില്‍ ചിലര്‍ കമന്റടിക്കുകയും ചെയ്തു. ഡിപ്പോ അധികൃതരെ വിവരം ധരിപ്പിച്ച് വീണ്ടും യാത്ര തുടര്‍ന്നു. ഓടുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ തനിയെ അപകടത്തില്‍ പെടുന്നതിനെതിരെ മറ്റൊരു പ്രേതം ഒഴിപ്പിക്കല്‍ പൂജ തന്നെ നടത്തേണ്ടി വരുമെന്ന് യാത്രക്കാര്‍ നര്‍മ രൂപത്തില്‍ അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Nileshwaram, Kerala Manjeshwaram, Broken Glass, Disaster, KSRTC Bus