പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തി; ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന കീഴടക്കി

-
റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് പോത്തിനെ പിടികൂടിയത്.
-
അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
-
പിടികൂടിയ പോത്തിനെ ഉടമയ്ക്ക് കൈമാറി.
കാസർകോട്: (KasargodVartha) ബലി പെരുന്നാളിന് അറക്കാനായി കൊണ്ടുവന്ന പോത്ത് കയർ പൊട്ടിച്ച് വിരണ്ടോടി പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ തളങ്കര ബാങ്കോടാണ് സംഭവം.
അക്രമാസക്തനായ പോത്ത് ആളുകളെ ആക്രമിക്കാൻ ശ്രമിച്ചതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ചിതറിയോടി. നാട്ടുകാർ പോത്തിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും, തൊട്ടടുത്ത ആയിഷയുടെ വീട്ടുവളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു.
ഉടൻതന്നെ നാട്ടുകാർ കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. സുകുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പോത്തിനെ പിടികൂടിയത്.
പോത്ത് ഓടുന്ന വഴിയിൽ വലിയൊരു റെസ്ക്യൂ നെറ്റ് കെട്ടി അതിലേക്ക് ഓടിച്ചുകയറ്റിയായിരുന്നു ഇത്. തുടർന്ന് നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് പോത്തിനെ കെട്ടി അഷറഫ് തളങ്കര എന്നയാൾക്ക് കൈമാറി.
സേനാംഗങ്ങളായ ഒ.കെ. പ്രജിത്ത്, എസ്. അരുൺകുമാർ, വി.എസ്. ഗോകുൽ കൃഷ്ണൻ, എം.എ. വൈശാഖ്, അതുൽ രവി, ഹോം ഗാർഡുമാരായ ടി.വി. പ്രവീൺ, കെ.വി. ശ്രീജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഈ സംഭവം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ അറിയിക്കൂ!
Article Summary: Runaway buffalo causes panic in Kasaragod, subdued by fire services.
#Kasaragod #BuffaloEscape #FireRescue #KeralaNews #BakraEid #PublicSafety