ഓടുന്ന ലോറികളില്‍ നിന്നും റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിക്കുന്ന രണ്ടംഗ സംഘം അറസ്റ്റില്‍
May 25, 2012, 16:55 IST
![]() |
Faisal |
![]() |
Ashraf |
കാഞ്ഞങ്ങാട് മാണിക്കോത്ത് തെക്കേപുറത്തെ പി.പി ഫൈസല്‍(29), അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ പി.പി അഷ്‌റഫ്(32) എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ചട്ടഞ്ചാല്‍ 55-ാം മൈലില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ടുപേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് സി.ഐ ബാബു പെരിങ്ങേയത്തിനെ കൂടാതെ അഡീഷണല്‍ എസ്. ഐ വിജയന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ കെ. നാരായണന്‍, ബാലകൃഷ്ണന്‍, അബൂബക്കര്‍, സുനില്‍ ഇബ്രാഹീം, പ്രദീപ് ചവറ, ഡ്രൈവര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ചട്ടഞ്ചാലില്‍ സംശയകരമായ സാഹചര്യത്തില്‍ ഓട്ടോ റിക്ഷ നിര്‍ത്തിയിട്ടത് കണ്ട് അന്വേഷിച്ചപ്പോഴാണ് കവര്‍ച്ചക്കാരാണെന്ന് വ്യക്തമായത്. റബ്ബര്‍ഷീറ്റുകള്‍ കടത്താനുപയോഗിച്ച കെ. എല്‍ 60 ഡി 5210 നമ്പര്‍ ബജാജ് ഓട്ടോ റിക്ഷയാണ് കസ്റ്റഡിയിലെടുത്തത്. പെരിയ മുതല്‍ ചെര്‍ക്കള വരെ ദേശീയപാതയിലൂടെ ലോഡുമായി പോകുന്ന ലോറികളില്‍ കയറ്റത്തില്‍ നിന്ന് കയറി റബ്ബര്‍ഷീറ്റുകള്‍ കെട്ടറുത്ത് താഴേയ്‌ക്കെറിയുകയും പിന്നാലെ വരുന്ന ഓട്ടോ റിക്ഷയില്‍ കയറ്റി കടത്തുകയുമാണ് ചെയ്യുന്നത്.
2012 ഏപ്രില്‍ 18ന് ചെര്‍ക്കളയില്‍ വെച്ച് കെ. എ 21 എ 1212 നമ്പര്‍ ലോറിയില്‍ നിന്നും ഏഴര ക്വിന്റല്‍ റബ്ബര്‍ഷീറ്റ് കവര്‍ച്ച ചെയ്ത സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വീണ്ടും കവര്‍ച്ചക്കായി ഓട്ടോ റിക്ഷയില്‍ കാത്തുനില്‍ക്കുമ്പോള്‍ രണ്ടംഗസംഘം പിടിയിലായത്. കവര്‍ച്ച ചെയ്യപ്പെട്ട ഏഴര ക്വിന്റല്‍ റബ്ബര്‍ ഷീറ്റില്‍ രണ്ടര ക്വിന്റല്‍ റബ്ബര്‍ഷീറ്റ് മുള്ളേരിയയിലെ ഒരു കടയില്‍ നിന്നും, നാലര ക്വിന്റല്‍ ഷീറ്റ് കാഞ്ഞിരക്കടുത്തെ ഒരു കടയില്‍ നിന്നും പോലീസ് കണ്ടെത്തു. പിടിയിലാകാനുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
ഇവര്‍ നിരവധി നാഷണല്‍ പെര്‍മിറ്റ് റോഡുകളില്‍ നിന്നും റബ്ബര്‍ഷീറ്റുകള്‍ കവര്‍ച്ച ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പല ഡ്രൈവര്‍മാരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറയുന്നു.
Keywords: Kasaragod, Lorry, Theft, Arrest, Rubber sheet