Development | കാസർകോട് വികസന പാക്കേജ് 16.98 കോടി രൂപ അനുവദിച്ചു
● വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കും.
● പദ്ധതികൾ ഉടൻ ടെണ്ടർ ചെയ്ത് ആരംഭിക്കുമെന്നും നിഷ്‌കർഷിച്ച പൂർത്തീകരണ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കാസർകോട്: (KasargodVartha) ജില്ലയിലെ വിവിധ മേഖലകളിലെ വികസനത്തിനായി 16.98 കോടി രൂപ അനുവദിച്ചു. കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് ഈ തുക അനുവദിച്ചത്.
വിദ്യാഭ്യാസ മേഖലയിൽ, ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്ക ജി.യു.പി.എസ് സ്കൂൾ, കുറ്റിക്കോൽ പഞ്ചായത്തിലെ മാണിമൂല ജി.എൽ.പി സ്കൂൾ, ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി ജി.എച്ച്.എസ് സ്കൂൾ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മൊത്തം 405.55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഫയർ ആൻഡ് റെസ്ക്യൂ മേഖലയിൽ, കാസർകോട് മുനിസിപ്പാലിറ്റിയിലെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി 499.99 ലക്ഷം രൂപ അനുവദിച്ചു.
സ്‌പോർട്സ് മേഖലയിൽ, മധൂർ ഗ്രാമപഞ്ചായത്തിലെ കാസർകോട് സ്‌പോർട്‌സ് ബിൽഡിംങ് കോംപ്ലക്സിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി 153.50 ലക്ഷം രൂപ അനുവദിച്ചു.
റോഡ് വികസനത്തിനായി, ദേലംപാടി ഗ്രാമപഞ്ചായത്തിലെ പാണ്ടി മല്ലംപാറ പടുപ്പ് റോഡിന്റെ 2.5 കിലോമീറ്റർ ദൂരം കോൺക്രീറ്റ് ചെയ്യുന്നതിന് 140.29 ലക്ഷം രൂപയും, ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ മയ്യിച്ച വീരമലക്കുന്ന് റോഡ് ടൂറിസം വികസനത്തിനായി 499 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ നടപ്പിലാക്കും. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, സ്‌പോർട്‌സ് കോംപ്ലക്സ്, റോഡ് വികസന പദ്ധതികൾ പൊതുമരാമത്ത് കെട്ടിട വിഭാഗം, ഹാർബർ എൻജിനീയറിംങ് വിഭാഗം എന്നിവ വഴി നടപ്പിലാക്കും. ഈ പദ്ധതികൾ ഉടൻ ടെണ്ടർ ചെയ്ത് ആരംഭിക്കുമെന്നും നിഷ്‌കർഷിച്ച പൂർത്തീകരണ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
#Kasaragod, #Development, #Funding, #Infrastructure, #Kerala, #Projects