city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു

ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു
Jisha
ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു
Madanan
നീലേശ്വരം: മടിക്കൈ കൂലോം റോഡില്‍ കക്കാട്ട് മഹാവിഷ്ണു ക്ഷേത്ര കമാനത്തിനടുത്ത് താമസിക്കുന്ന ഗള്‍ഫുകാരന്‍ കുറുവാട്ട് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യയും നര്‍ക്കിലക്കാട് മാറനാടത്തെ പരിയാരത്ത് കൃഷ്ണന്‍ നായരുടെയും സി പി ശോഭനയുടെയും മകളുമായ ജിഷ(25)യുടെ കൊലപാതകത്തിന്റെ സത്യവസ്ഥ പുറത്തുവന്നു.

ഭര്‍തൃ പിതാവ് പുക്ലത്ത് കോയിത്തട്ട കുഞ്ഞിക്കണ്ണന്‍ നായരുടെ പരിചാരകനായിരുന്ന ഒറീസ കേന്ദ്രപ്പാറ ജില്ലയിലെ മര്‍സഹായി പോലീസ് അതിര്‍ത്തിയിലെ ജാതുപ്പൂര്‍ ഹൊസ്താര ഘട്ടിലെ സുഭാഷ് മാലിക്- സുഗന്ധി ദമ്പതികളുടെ മകന്‍ തുഷാര്‍ മദനന്‍ എന്ന മദന്‍ മാലികി(22)നെ ബുധനാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ ഈ കൊലക്ക് പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായപ്പോള്‍ മദനന്‍ ആദ്യഘട്ടത്തില്‍ അടുക്കളയില്‍ മുട്ട ഓംപ്ലൈറ്റ് തയ്യാറാക്കുന്നതിന് ഉള്ളി മുറിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ജിഷയുടെ വയറ്റില്‍ കത്തി കയറുകയായിരുന്നുവെന്നാണ് മൊഴിനല്‍കിയത്. മദനന്റെ ഈ മൊഴി അന്വേഷണ സംഘത്തെ വല്ലാതെ കുഴക്കിയിരുന്നു. കാഞ്ഞങ്ങാട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന മദനനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ പോലീസ് കസ്റ്റഡിയില്‍ ബുധനാഴ്ച ഉച്ചയോടെ ഏറ്റുവാങ്ങിയ നീലേശ്വരം സി ഐ സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നീലേശ്വരം എസ് ഐ സനല്‍ കുമാര്‍, ക്രൈം സ്‌ക്വാഡില്‍പ്പെട്ട എം പ്രകാശന്‍, ഒ ടി ഫിറോസ്, പി വി രഘുനാഥന്‍, മോഹനന്‍, ദിവാകരന്‍ എന്നിവരടങ്ങുന്ന സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിച്ചത്ത് വന്നത്. മദനന്‍ കളവ് പറയുകയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞു.

വീട്ടില്‍ സൂക്ഷിച്ച പണം കവര്‍ച്ച ചെയ്ത് തടി തപ്പാനാണ് കൊലപാതകം നടത്തേണ്ടി വന്നതെന്ന് മദനന്‍ അന്വേഷണ സംഘത്തിന് ഒടുവില്‍ മൊഴി നല്‍കിയിട്ടുണ്ട്. ജിഷയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണ പിള്ള ബുധനാഴ്ച സംഭവം നടന്ന വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് മദനനെ ഈ വീട്ടിലേക്ക് കൊണ്ടുവന്ന് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. നാട്ടുകാരെ ഒഴിവാക്കാന്‍ അതിരഹസ്യമായാണ് മദനനെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നത്. രാജേന്ദ്രന്‍, സഹോദരന്‍മാരായ ചന്ദ്രന്‍, രാജന്‍ എന്നിവരും ചന്ദ്രന്റെ ഭാര്യ ലേഖയും രാജന്റെ ഭാര്യ ശ്രീലേഖയും ഈ സമയം വീട്ടിലുണ്ടായിരുന്നു. കൊല നടന്ന സ്ഥലവും രീതിയും രക്ഷപ്പെട്ട മാര്‍ഗ്ഗങ്ങളും മദനന്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ പോലീസ് സംഘത്തിന് വിശദീകരിച്ച് കൊടുത്തു.

വീട്ടിലെ ജോലിക്കാരനായിരുന്ന മദനന് വീട്ടുകാര്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. ആവശ്യപ്പെടുന്ന സമയത്തൊക്കെ നാട്ടിലേക്ക് അയക്കാന്‍ മദനന് ചന്ദ്രന്‍ പണം നല്‍കാറുണ്ടായിരുന്നു. അവസാന നാളില്‍ പത്തായിരം രൂപ ചന്ദ്രന്‍, മദനന് നല്‍കിയിരുന്നു. ഇതിന് മുമ്പ് മദനന്‍ ചന്ദ്രനോട് വന്‍ തുക ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ അത്രയും വലിയൊരു തുക നല്‍കാന്‍ ചന്ദ്രന്‍ തയ്യാറായില്ല. എങ്ങിനെയെങ്കിലും പണം കൈക്കലാക്കി സ്ഥലത്ത് നിന്ന് മുങ്ങാന്‍ അതോടെ മദനന്‍ മാനസികമായി തീരുമാനത്തിലെത്തുകയായിരുന്നു. വീട്ടില്‍ പണവും സ്വര്‍ണ്ണവും സൂക്ഷിച്ച സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള മദനന്‍ കൊലപാതകം നടക്കുന്നതിന് ഏതാണ്ട് പത്ത് ദിവസം മുമ്പ് തന്നെ ഇതിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. കൂലോം റോഡിലെ ചിണ്ടന്‍ എന്നയാളുടെ കടയില്‍ നിന്ന് പത്ത് ദിവസം മുമ്പ് വാങ്ങിയ കത്തി ഉപയോഗിച്ചാണ് മദനന്‍ ജിഷയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ചിണ്ടനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.

സംഭവ ദിവസം ജിഷയെയും ചന്ദ്രന്റെ ഭാര്യ ശ്രീലേഖയെയും കൊന്നൊടുക്കി പണവും പൊന്നും കവര്‍ന്ന് രക്ഷപ്പെടാനായിരുന്നു മദനന്റെ നീക്കങ്ങളെന്നും കണ്ടെത്തിക്കഴിഞ്ഞു. അന്ന് സന്ധ്യയോടെ കാഞ്ഞങ്ങാട്ട് പോയി മടങ്ങി വന്ന മദനന്‍ വീട്ടില്‍ ചന്ദ്രനില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് കൊടും കൃത്യത്തിന് തയ്യാറെടുത്തത്. നല്ല മദ്യലഹരിയിലായിരുന്ന മദനന്‍ രക്ഷപ്പെടാന്‍ തന്റെ വസ്ത്രങ്ങളൊക്കെ ഒരു ബാഗിലാക്കി വീടിന് ഇടതുഭാഗത്തുള്ള മതിലിനടുത്ത് കൊണ്ടുവച്ചിരുന്നു. നാട്ടിലേക്ക് പോകാന്‍ നേരത്തെ ബുക്ക് ചെയ്ത റെയില്‍വെ ടിക്കറ്റും പണവും അടങ്ങിയ പേഴ്‌സ് ഈ ബാഗിലാണ് ഉണ്ടായിരുന്നത്. എല്ലാ തയ്യാറെടുപ്പിന് ശേഷം മെയിന്‍ സ്വിച്ച് ഓഫാക്കി വീട്ടിലെ വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടുത്തിയ ശേഷം അടുക്കളയിലേക്ക് കയറുകയും ജിഷയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അടുക്കളയില്‍ ലേഖയാണ് ഉള്ളതെന്നായിരുന്നു മദനന്റെ കണക്ക് കൂട്ടല്‍. ലേഖയെ വകവരുത്തിയ ശേഷം വീട്ടില്‍ നിന്ന് ജിഷയുടെ എതിര്‍പ്പുയര്‍ന്നാല്‍ ജിഷയെയും വകവരുത്താമെന്ന തീരുമാനത്തിലായിരുന്നു മദനനെന്ന് കരുതുന്നു.

വൈദ്യുതി വിതരണം തടസ്സപ്പെടുകയും ആദ്യഘട്ടത്തില്‍ തന്നെ ഇര മാറിപോകുകയും ജിഷയുടെ നിലവിളി കേട്ട് ലേഖ ഒച്ചവെക്കുകയും ചെയ്തതോടെ ആകെ പരിഭ്രാന്തനായ മദനന്‍ പൊടുന്നനെ വീടിന് ഇടത് ഭാഗത്തുള്ള മതില്‍ കവാടം കടന്ന് കുറ്റിക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. സംഭവം കഴിഞ്ഞ് മൂന്നാം ദിവസം ഉച്ചയോടെ ഈ വീട്ടിലെ ടെറസ്സില്‍ ഒളിച്ചിരുന്ന യുവാവിനെ പോലീസും നാട്ടുകാരും പിടികൂടിയിരുന്നു. കൊലയാളി സംഭവ സ്ഥലത്തേക്ക് തന്നെ തിരിച്ച് വന്നത് അന്വേഷണ സംഘത്തെ തീര്‍ത്തും വട്ടം കറക്കിയിരുന്നു. സംഭവത്തിന് ശേഷം രണ്ട് രാത്രിയും ഒരു പകലും സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചുകഴിഞ്ഞ മദനന്‍ എങ്ങിനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി മതിലിനടുത്ത് നേരത്തെ കൊണ്ടുവച്ച ബാഗ് കൈക്കലാക്കാനാണ് മടങ്ങി വന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബാഗ് നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൈയ്യില്‍ ഒരു പൈസ പോലും ഇല്ലാതിരുന്ന മദനന്‍ പണവും ട്രെയിന്‍ ടിക്കറ്റും അടങ്ങിയ പേഴ്‌സും ധരിക്കാനുള്ള വസ്ത്രങ്ങളും എങ്ങിനെയെങ്കിലും തരപ്പെടുത്തി രക്ഷപ്പെടാനുള്ള തീരുമാനവുമായാണ് വീട്ടിലേക്ക് മടങ്ങിയതെന്നും ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ രാത്രി വരെ ഒളിച്ചുകഴിയാന്‍ വീടിന്റെ ടെറസ്സ് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. അന്ന് രാത്രി വീട്ടിനകത്ത് കയറിക്കൂടി പണം കൈക്കലാക്കി രക്ഷപ്പെടാനുള്ള തയ്യാറെടുപ്പും യുവാവിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞുവെന്നാണ് കരുതുന്നത്.

കുറച്ച് ദിവസം നര്‍ക്കിലക്കാട്ടെ സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന ജിഷ സംഭവം നടന്ന ഫെബ്രുവരി 19 ന് വൈകിട്ടാണ് ഭര്‍തൃഗൃഹത്തില്‍ മടങ്ങിയെത്തിയത്. ഇതിന് തലേന്ന് ലേഖയെ വകവരുത്താന്‍ മദനന്‍ തീരുമാനിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടിട്ടുണ്ട്. ചന്ദ്രനില്ലാത്ത അവസരം നോക്കി ഇതിനുള്ള തയ്യാറെടുപ്പ് നടത്തുകയും വീട്ടിലെ മെയിന്‍ സമറ്റൊര്വിച്ച് ഓഫാക്കുകയും ചെയ്തിരുന്നെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം.

Keywords: Nileshwaram, Murder-case, Accuse, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia