Arrest | എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന അരകോടി രൂപ വാഹനം തകര്‍ത്ത് കവര്‍ന്ന കേസ്; സംഘത്തലവനായ യുവാവ് പൊലീസ് പിടിയില്‍
● ഉപ്പളയിൽ അരക്കോടി രൂപ കവർച്ച നടത്തിയ സംഘത്തിലെ തലവൻ പിടിയിൽ.
● തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രതി.
● മഞ്ചേശ്വരം പൊലീസ് അതിസാഹസികമായി പ്രതിയെ പിടികൂടി.
ഉപ്പള: (KasargodVartha) എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുന്ന അരകോടി രൂപ, വാഹനം തകര്‍ത്ത് കവര്‍ന്ന കേസിലെ സംഘത്തിലെ തലവന്‍ പൊലീസ് പിടിയില്‍. തമിഴ്നാട്ടിലെ റാംജിനഗറിലെ കുപ്രസിദ്ധ തിരുട്ടുഗ്രാമത്തിലെ കാര്‍വര്‍ണന്‍ (28) എന്നയാളെയാണ് അതിസാഹസികമായി മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഉപ്പളയില്‍ റോഡരികില്‍നിന്നാണ് എടിഎമ്മില്‍ നിറക്കാന്‍ കൊണ്ട് വന്ന 50 ലക്ഷം രൂപ സെക്യൂര്‍ വാല്യൂ കംപനിയുടെ വാഹനം തകര്‍ത്ത് കവര്‍ന്നത്. കഴിഞ്ഞ മാര്‍ച് മാസമാണ് മൂന്നംഗ സംഘം ഉപ്പളയില്‍ പട്ടാപ്പകല്‍ കവര്‍ച നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. കവര്‍ചാ സംഘത്തിലെ ഒരു പ്രതിയായ മുത്തുകുമാറിനെ പിടികൂടിയതറിഞ്ഞ് മാസങ്ങളായി മറ്റ് രണ്ടു പ്രതികളും വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
ഇടക്കിടക്ക് പ്രതികള്‍ അവരുടെ തിരുട്ട് ഗ്രാമത്തില്‍ വന്നു പോകുന്നുവെന്ന് അന്വേഷണത്തില്‍ മനസിലായതിനാല്‍ പൊലീസ് കുറച്ച ദിവസങ്ങളായി ഗ്രാമത്തില്‍ താമസിച്ച് നിരീക്ഷിച്ച് വരികയായിരുന്നു. കേസിലെ പ്രധാന തലവനായ കാര്‍വര്‍ണന്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് അതിസാഹസികമായി ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ഡിവൈഎസ്പി സുനില്‍ കുമാര്‍ സികെയുടെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ അനൂബ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, എഎസ്‌ഐ ദിനേഷ് രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശുക്കൂര്‍, സിപിഒ ഗിരീഷ് പി കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
#robbery #arrest #crime #police #kerala #india #lawenforcement #security