city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഷ്ടാവിന്റെ വെട്ടേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തു; പ്രതിയുടെ വിരലടയാളങ്ങള്‍ ലഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.11.2016) മോഷ്ടാവിന്റെ വെട്ടേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വീട്ടമ്മ അപകടനില തരണം ചെയ്തു. ബേള കുമാരമംഗലം ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്ന പരമേശ്വരി(60)യാണ് വെട്ടേറ്റ് ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ബദിയടുക്ക പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പരമേശ്വരിയുടെ മൊഴിയെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴുത്തിനും കൈകാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പരമേശ്വരിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മക്ക് വീണ്ടും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓട്ടോഡ്രൈവര്‍ കോടിങ്കാറിലെ രാജ(32)നും പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പരമേശ്വരിയെ മറ്റൊരു വാഹനത്തില്‍ മംഗളൂരു ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാജന്‍ കുമ്പള ജില്ലാ സഹകരണാശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചക്ക് പരമേശ്വരിയുടെ വീട്ടിലെത്തിയ നീല ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച യുവാവ് പഴയ സാധനങ്ങളുണ്ടോയെന്ന് ആവശ്യപ്പെട്ടിരുന്നു. പരമേശ്വരി പഴയ സാധനങ്ങള്‍ എടുക്കുന്നതിനിടെ യുവാവ് വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്തപ്പോള്‍ മോഷ്ടാവ് പരമേശ്വരിയെ മാരകായുധവുമായി ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ പരമേശ്വരി പ്രാണരക്ഷാര്‍ത്ഥം നിലവിളിച്ച് ക്ഷേത്ര പരിസരത്തേക്ക് ഓടി. ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ എത്തുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന പരമേശ്വരിയെ താങ്ങിയെടുത്ത് ഓട്ടോയില്‍ കയറ്റി. ആശുപത്രിയിലേക്ക് പോകും വഴിയാണ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരമേശ്വരിയുടെ ശരീരത്തില്‍ നിന്ന് രക്തം വരുന്നത് കണ്ട് തല കറക്കം അനുഭവപ്പെട്ട ഓട്ടോഡ്രൈവറുടെ കൈകളുടെ നിയന്ത്രണം വിടുകയും ഓട്ടോ മറിയുകയുമായിരുന്നു.

പരമേശ്വരി തനിച്ചാണ് ബേളയിലെ വീട്ടില്‍ താമസിക്കുന്നതെന്ന് അറിയാവുന്ന ആളാണ് കവര്‍ച്ച ലക്ഷ്യമിട്ട് ഇവിടെയെത്തിയത്. പ്രതിക്കെതിരെ കവര്‍ച്ചാശ്രമത്തിനും വധശ്രമത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിരലടയാള വിദഗ്ധര്‍ പരമേശ്വരിയുടെ വീട്ടിലെത്തി പരിശോധന നടത്തി. അക്രമിയുടെ വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മോഷ്ടാവിന്റെ വെട്ടേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തു; പ്രതിയുടെ വിരലടയാളങ്ങള്‍ ലഭിച്ചു

Keywords: Kasaragod, Robbery, House Wife, Attack, Hospital, Badiyadukka, Police, Treatment, Criminal, Temple, Auto Rickshaw.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia