115 പവന്‍ കവര്‍ച്ച; വീട്ടു ജോലിക്കാരിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം
Apr 29, 2015, 13:16 IST
കാസര്‍കോട്: (www.kasargodvartha.com 29/04/2015) വിദ്യാനഗറിലെ വീട്ടില്‍ നിന്നും 115 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ വീട്ടുജോലിക്കാരിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജോലിക്കാരിയെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കണ്ടെടുത്ത മൊബൈലില്‍ നിന്നും 36 ഫോണ്‍കോളുകള്‍ വരികയും പോവുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
എന്നാല്‍ ജോലിക്കാരിയെ സംശയിക്കത്തക്ക വിധത്തിലുള്ള യാതൊരു തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലില്‍ ജോലിക്കാരിയുടെ പെരുമാറ്റത്തില്‍പോലും സംശയിക്കത്തക്കതായി ഒന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജോലിക്കാരിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് വിദ്യാനഗര്‍ ഓഷ്യാനസ് ഫ്‌ളാറ്റിന് സമീപത്തെ മദീന അബ്ദുല്ലയുടെ മകന്‍ ഇബ്രാഹിം ഖലീലിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം നഷ്ടപ്പെട്ടത്.
വീട് കുത്തിത്തുറക്കുകയോ മറ്റോ ചെയ്യാതെ നടത്തിയ കവര്‍ച്ചയില്‍ പഴുതുകളടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. അതു കൊണ്ടു തന്നെയാണ് വീട്ടുജോലിക്കാരിയെയും ചോദ്യം ചെയ്യുന്നത്. ഇവരെ സംശയിക്കത്തക്ക രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ മറ്റാരെങ്കിലും വീട്ടില്‍ വന്ന് കവര്‍ച്ച നടത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ഖലീലിന്റെ മാതാവ് സൗദയുടെ കൈയ്യില്‍ നിന്നും ഈ വീടിന്റെ താക്കോല്‍ മൂന്നു മാസം മുമ്പ് നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഈ താക്കോല്‍ കിട്ടിയ ആരെങ്കിലും മോഷണം ആസൂത്രണം ചെയ്തതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. വിദ്യാനഗറിലുള്ള ബന്ധുവിന്റെ വീട്ടില്‍ വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഇടയ്ക്കിടെ ഇവര്‍ വീടുപൂട്ടി വിവാഹവീട്ടില്‍ പോയിരുന്നു. ഇതിനിടയില്‍ ആരെങ്കിലും വീട് തുറന്ന് കവര്‍ച്ച നടത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്.
കാസര്‍കോട് സി.ഐ. പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. വിരലടയാള വിദഗ്ദരുടെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇബ്രാഹിം ഖലീലിന്റെ ഭാര്യ അസ്മിനയുടേതാണ് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍. മാല, വള, നെക്‌ളെസ്, ബ്രേസ്ലേറ്റ് തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം സഹകരണ ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമവും നടന്നിരുന്നു. ഈ കവര്‍ച്ചയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
യെമനില്‍ സൗദി യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ വിരുദ്ധ നോട്ടീസുകള്‍ കാറ്റില്‍ പറത്തി; സൗദിക്കെതിരെ ഇറാന്‍
Keywords: Kasaragod, Kerala, Robbery, Police, Robbery Case, Questioned, Woman, Vidyanagar, Gold, Robbery case: servant questioned.
Advertisement: