ബദിയഡുക്ക: ബദിയഡുക്ക നെല്ലിക്കട്ടയില്‍ സഹകരണ ബാങ്ക് കവര്‍ച്ച നടത്താനുള്ള ശ്രമം വിഫലമായി. നെക്രാജെ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെയാണ് കവര്‍ച്ചാ ശ്രമം നടന്നതെന്നാണ് സംശയിക്കുന്നത്.

ബാങ്കില്‍ നിന്നും അലറാം ശബ്ദം കേട്ട തൊട്ടടുത്ത അയ്യപ്പ ഭക്തന്മാര്‍ കെട്ടിട ഉടമയെ വിവരമറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ കെട്ടിട ഉടമ ചെന്നു നോക്കിയപ്പോഴാണ് ബാങ്കിന്റെ ഗ്രില്‍സും വാതിലും ഗ്ലാസും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ബാങ്കിനകത്തെ ഒളിക്യാമറയുടെ വയര്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ക്യാഷ് കൗണ്ടര്‍ കുത്തിതുറന്നെങ്കിലും ഒന്നും ലഭിച്ചില്ല. ബാങ്കിനകത്തെ കമ്പ്യൂട്ടര്‍ അഴിച്ചുവെച്ചിരുന്നെങ്കിലും കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

ബദിയഡുക്ക-വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്റെ അതിര്‍ത്തി പ്രദേശമായ നെല്ലിക്കട്ടയില്‍ പുലര്‍ച്ചെ 2.30 മണിയോടെ പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇതിന് ശേഷമായിരിക്കാം മോഷ്ടാക്കള്‍ ബാങ്കിനകത്തെത്തിയതെന്ന് കരുതുന്നത്. വിവരമറിഞ്ഞ് ബാങ്ക് അധികൃതരും പോലീസും പരിശോധിച്ചപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചയ്ക്കിടയില്‍ അലാറം ശബ്ദിച്ചതിനാല്‍ മോഷണ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞുവെന്നാണ് കരുതുന്നത്. വിരലടയാള വിദഗ്ധരും, പോലീസ് നായയും ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
Reported by E. Abdullakunhi
Keywords: Badiyadukka, Co-operation bank, Robbery attempt, Nekraje, Police, Window, Alarm, Kasaragod, Kerala, Malayalam news