Road Repair | റാണിപുരം-കുറത്തിപ്പതി റോഡ് ഭാഗികമായി ഗതാഗതയോഗ്യമാക്കി
പാണത്തുർ: (KasargodVartha) കാൽനട യാത്ര പോലും ദുഷ്കരമായിരുന്ന റാണിപുരം-കുറത്തിപ്പതി റോഡ്, റാണിപുരം വനസംരക്ഷണ പ്രവർത്തകരുടെ പരിശ്രമത്തോടെ ഭാഗികമായി ഗതാഗതയോഗ്യമാക്കി. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ റോഡിന്റെ തകർച്ച കാരണം കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു.
ശക്തമായ കാലവർഷത്തിൽ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് റോഡ് തകരുകയായിരുന്നു. തുടർന്ന് റോഡിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹായകരമായ പ്രവർത്തികൾ നടന്നു.
റാണിപുരം വനസംരക്ഷണ സമിതി പ്രസിഡൻ്റ് എസ് മധുസൂദനൻ, ട്രഷറർ എം കെ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ കെ രാഹുൽ, വിഷ്ണു കൃഷ്ണൻ, എക്സിക്യൂട്ടിവ് മെമ്പർ ടിറ്റോ വരകുകാലായിൽ, വാച്ചർമാരായ എ വേണുഗോപാലൻ, എം കെ ബാലകൃഷ്ണൻ, ശശിധരൻ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമദാനം നടന്നത്.