Protest | പണി പൂർത്തിയാകും മുമ്പേ റോഡ് തുറന്നുകൊടുത്തതായി ആരോപണം; ചൗക്കി കുന്നിൽ ജംഗ്ഷൻ - മൈൽപാറ പാത പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്ത് പ്രദേശവാസികളുടെ പ്രതിഷേധം
● ആരെയും അറിയിക്കാതെ എംഎൽഎ ഉദ്ഘാടനം ചെയ്തുവെന്നാണ് ആരോപണം.
● പ്രദേശവാസികൾ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ചൗക്കി: (KasargodVartha) നവീകരണത്തിനായി കിളച്ച് അറ്റകുറ്റപ്പണികൾ നടന്നുവരുന്ന ചൗക്കി കുന്നിൽ ജംഗ്ഷൻ മുതൽ മൈൽപാറ വരെയുള്ള 350 മീറ്റർ റോഡ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്‌ത് പ്രതിഷേധിച്ചു. പണി പൂർത്തിയാകും മുമ്പേ എംഎൽഎയുടെ നേതൃത്വത്തിൽ ആരെയും അറിയിക്കാതെ റോഡ് ഉദ്ഘാടനം ചെയ്തുവെന്നാരോപിച്ചാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചത്.
ഇനിയും 100 മീറ്ററോളം റോഡ് പൂർത്തിയാകാനിരിക്കെയാണ് പ്രദേശത്തെ വാർഡ് അംഗങ്ങളെ പോലും അറിയിക്കാതെ എംഎൽഎയും പഞ്ചായത് പ്രസിഡന്റും വന്ന് ശനിയാഴ്ച ഉദ്ഘാടനം നടത്തിയതെന്ന് ജനകീയ സമരസമിതി കൺവീനർ സലീം സന്ദേശം കാസർകോട് വാർത്തയോട് പറഞ്ഞു. 50 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരണ പ്രവർത്തനം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുണ്ടും കുഴിയും നിറഞ്ഞ റോഡ് കിളച്ചിട്ട് പൂർത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു.
ജില്ലിക്കല്ല് നിരത്തി ഉറപ്പിച്ചതല്ലാതെ ടാറിങ് നടത്തിയിട്ടില്ലാത്തതിനാൽ, മഴക്കാലത്ത് കല്ലുകൾ ഇളകി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം റോഡ് ദയനീയമായി മാറിയിരുന്നു. കല്ലുകൾ തെറിച്ചുണ്ടാകുന്ന അപകടങ്ങളും പതിവായിരുന്നു. ഓടോറിക്ഷകൾ ഇവിടേക്ക് ഓട്ടം വിളിച്ചാൽ വരാത്ത സ്ഥിതിയായിരുന്നു. ടയറുകൾ പൊട്ടിയും യന്ത്രഭാഗങ്ങൾക്ക് കേടുവന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായി ഓടോറിക്ഷ ഡ്രൈവർമാരും സ്‌കൂൾ ബസ് ഡ്രൈവർമാരും പരാതിപ്പെട്ടിരുന്നു.
നിരവധി പ്രദേശങ്ങളിലേക്കും റേഷൻ കടയിലേക്കുമടക്കം പോകുന്ന പ്രധാന വഴിയായ റോഡ് അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. മജൽ പ്രദേശത്തിന് അപ്പുറമുള്ള ജനങ്ങൾ ചുറ്റിവളഞ്ഞാണ് ഇപ്പോൾ ദേശീയപാതയിലേക്കും മറ്റ് പ്രധാന റോഡുകളിലേക്കും സഞ്ചരിച്ചിരുന്നത്. റോഡിന്റെ ദയനീയ അവസ്ഥ നേരത്തെ കാസർകോട് വാർത്ത റിപോർട് ചെയ്തിരുന്നു.
മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായതിലെ നാല് വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡാണിത്. ജനപ്രതിനിധികളും സമര സമിതിയും പഞ്ചായത് മുതൽ ജില്ലാ കലക്ടർക്ക് വരെ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നവംബർ 15 ഓടെ റോഡ് നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിനെ തുടർന്ന് ജനങ്ങൾ കാത്തിരുന്നു. എന്നാൽ, നിശ്ചയിച്ച സമയത്തിനുള്ളിൽ പണി പൂർത്തിയാകാതെ വന്നതോടെ സമരത്തിൽ 16 പേർ അറസ്റ്റിലാകുന്ന സംഭവം ഉണ്ടായി.
ഇതിനിടയിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടന്നതായി പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതിനെതിരെ ജാതി, മത, രാഷ്ട്രീയ, പ്രായ വ്യത്യാസമെന്നില്ലാതെ അമ്മമാരും, കുട്ടികളും, നാട്ടുകാരും ഒന്നടങ്കം ഉത്സവാന്തരീക്ഷത്തിലാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതീകാത്മക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഭിന്നശേഷിക്കാരായ സുധാകരൻ മജൽ, ശ്രീധരൻ നീരിച്ചാൽ, ദാമോദര പണ്ഡിറ്റ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നടത്തിയത്.
ചടങ്ങിൽ സമര സമിതി നേതാക്കളായ എം സലീം, റിയാസ്, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ പ്രമീള മജൽ, ഗ്രാമപഞ്ചായത് അംഗങ്ങളായ ഗിരീഷ്, ജുബൈരിയ, സുലോചന, ശമീമ സാദിഖ് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു. ഉടൻ തന്നെ പൂർണമായും റോഡ് പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
#Kasargod #road #inauguration #protest #Kerala #India #localnews #politics