Complaint | ആദ്യം പ്രധാനമന്ത്രി ജൽ ജീവൻ മിഷന് വേണ്ടി റോഡ് കുഴിച്ചു; ഇപ്പോൾ ജലഅതോറിറ്റിക്ക് വേണ്ടിയും; ജില്ലാ പഞ്ചായതിൻ്റെ ആദ്യ മെകാഡം റോഡ് തവിടുപൊടിയാക്കിയെന്ന് പരാതി

● അഞ്ച് കോടി രൂപ ചിലവിട്ട് നിർമിച്ച റോഡാണ് കുഴിച്ചത്.
● റോഡ് ഏഴ് വർഷം കഴിഞ്ഞിട്ടും കേടുകൂടാതെ കിടക്കുകയായിരുന്നു.
● 6.700 കിലോമീറ്ററാണ് മെക്കാഡം റോഡിൻ്റെ ദൂരം.
വിദ്യാനഗർ: (KasargodVartha) ആദ്യം പ്രധാനമന്ത്രി ജൽ ജീവൻ മിഷന് വേണ്ടി റോഡ് കുഴിച്ചു, ഇപ്പോൾ ജല അതോറിറ്റിക്ക് വേണ്ടിയും കുഴിച്ച് കുളമാക്കി മാറ്റി. ജില്ലാ പഞ്ചായതിൻ്റെ ആദ്യ മെകാഡം റോഡ് തവിടുപൊടിയാക്കിയെന്ന പരാതിയുമായി പ്രദേശവാസികൾ രംഗത്ത്. അഞ്ച് കോടി രുപ ചിലവിൽ 2017-18 വർഷത്തിൽ നിർമിച്ച മെകാഡം റോഡാണ് കുടിവെള്ള പദ്ധതികൾക്ക് വേണ്ടി കുഴിച്ച് കുളമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ ഗ്യാരണ്ടിയോട് കൂടി നിർമിച്ച റോഡ് ഏഴ് വർഷം കഴിഞ്ഞിട്ടും ഒരു പോറൽ പോലും ഏൽക്കാതെ കിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
കുടിവെള്ള പദ്ധതികൾക്ക് വേണ്ടി റോഡിന് നടുവിലായും ഇരുവശങ്ങളിലായും കുഴിയെടുത്തതോടെയാണ് പരിതാപകരമായ അവസ്ഥയിലേക്ക് മാറിയതെന്ന് റോഡിൻ്റെ ഉപഭോക്താക്കളും പൊതുപ്രവർത്തകരുമായ എൻ എ ഹരിസ്, റഹീം, അബു മുബാറക് എന്നിവർ കാസർകോട് വാർത്തയോട് പറഞ്ഞു. 6.700 കിലോമീറ്ററായിരുന്നു മെകാഡം റേഡിൻ്റെ ദൂരം. റോഡിൻ്റെ ശോചനീയാവസ്ഥ ചുണ്ടിക്കാട്ടി പ്രദേശവാസികളുടെ മുറവിളിക്കൊടുവിലാണ് അന്നത്തെ ജില്ലാ പഞ്ചായത് പ്രസിഡണ്ട് എജിസി ബശീറിൻ്റെ ഇടപെടലിൻ്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി മെകാഡം ടാറിംഗ് നടത്തിയത്.
പ്രദേശവാസികൾ ജില്ലാ പഞ്ചായത് അംഗമായ ജാസ്മിൻ കബീറിനെ പരാതി അറിയിച്ചതിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത് അംഗവും പൊതുമരാമത്ത് അസി. എക്സിക്യൂടീവ് എൻജിനീയറും സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോൾ റോഡിൻ്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത് സെക്രടറിയെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
ഫയലുകൾ പരിശോധിച്ചതിൽ 2024ൽ ജലനിധിക്ക് റോഡ് കുഴിക്കാൻ അനുമതി നൽകിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ജനപ്രതിനിധികളായ തങ്ങളെയൊന്നും റോഡ് കുഴിക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും ജില്ലാ പഞ്ചായത് അംഗം ജാസ്മിൻ കബീർ കാസർകോട് വാർത്തയോട് പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സെക്രടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു.
ആവശ്യമായ മെയിൻ്റനൻസ് നടത്തണമെന്ന് അനുമതിപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ കുഴിച്ച ഭാഗങ്ങളിൽ കോൺക്രീറ്റ് മിക്സ് ചെയ്ത് കുഴിയടക്കുമെന്നാണ് പറയുന്നത്. എന്നാൽ കുഴിച്ച മെകാഡം റോഡ് കോൺക്രീറ്റ് മാക്‌സിംഗ് വെച്ച് അടച്ചാൽ ഒരിക്കലും ശരിയാകില്ലെന്നും മെകാഡം റീടാറിംഗ് തന്നെ നടത്തണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെട്ടുന്നത്. പ്രധാനമന്ത്രി ജൽ ജീവൻ മിഷൻ പ്രകാരം പൈപുകൾ സ്ഥാപിച്ച് ഒരു വർഷത്തോളം ആകുമ്പോഴും ഒരാൾക്ക് പോലും കുടിവെള്ളം ലഭിച്ചിട്ടില്ലെന്ന സത്യവും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ജലനിധിയുടെ പൈപിടലും നടക്കുന്നത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Residents complain that a newly constructed road was destroyed by repeated digging for water supply projects, demanding re-tarring instead of concrete patching.
#Road, #WaterAuthority, #Complaint, #Kasaragod, #Development, #Local