city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Road damaged | ഒരു നാടിന്റെ ഗതികേട്! റോഡ് തകർന്ന് തരിപ്പണമായി, നിറയെ കുഴികൾ; പരിഹാരം കണ്ടില്ല; അപകട ഭീഷണി ബോർഡ് സ്ഥാപിച്ചതിന് നന്ദി

Road damaged
Photo Credit: Arranged
കാലവർഷം എത്തും മുമ്പേ അപകട സാധ്യതകൾ മുന്നിൽ കണ്ട് ശാസ്ത്രീയമായ രീതിയിൽ പരിഹാരം കാണേണ്ട ഉത്തരവാദിത്തപ്പെട്ടവർ തികഞ്ഞ അവഗണനയാണ് കാട്ടിയതെന്നാണ് ആക്ഷേപം

കാസർകോട്:  (KasargodVartha) മഴ ശക്തമായതോടെ തകർന്ന് തരിപ്പണമായി (Road Damaged) കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാത (KSTP Road). പൊതുമരാമത്ത് വകുപ്പിന്റെ (PWD) കീഴിലുള്ള റോഡിൽ ചെമനാട് (Chemnad) പാലത്തിന് മുമ്പുള്ള ഭാഗത്താണ് ഏറ്റവും ദുരിതം. വലിയ കുഴികൾ രൂപപ്പെട്ടിട്ട് ഏറെനാളായി. യാത്രക്കാർക്ക് അപകടഭീഷണിയാണ് ഇത് ഉയർത്തുന്നത്. ഈ കുഴികളിൽ വീണ് നിരവധി വാഹനങ്ങൾക്ക് (Vehicles) കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

Road damaged

റോഡിലെ വലിയ കുഴികൾ ഇരുചക്ര വാഹന (Two Wheeler) യാത്രക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കൂടാതെ, മഴക്കാലത്ത് ഈ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കാറുണ്ട്. ഇത് യാത്രക്കാർക്ക് കൂടുതൽ അപകടകരമാണ്. വർഷങ്ങളായി ഇവിടെ സ്ഥിതി സമാനമാണ്. പരാതി (Complaint) വ്യാപകമാവുമ്പോൾ അറ്റകുറ്റപ്പണി നടത്തി പോകാറുണ്ടെങ്കിലും അടുത്ത മഴയിൽ അത് തകരുന്ന അവസ്ഥയാണ് കാണുന്നത്.

ഇതിനിടെ, റോഡിൽ ആഴമേറിയ കുഴികളുള്ളതിനാൽ വാഹനങ്ങൾ വളരെ ശ്രദ്ധിച്ച് പോവുക എന്നെഴുതിയ സൂചന ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതിന് നന്ദിയുണ്ടെന്നും സാങ്കേതിക വിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും യഥാർഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഇത്തരമൊരു ബോർഡ് സ്ഥാപിക്കേണ്ടി വരുന്നത് നാടിന്റെ ഗതികേടാണെന്നും യാത്രക്കാർ പരിഹസിക്കുന്നു.

സംസ്ഥാന പാതയിൽ പലയിടത്തും റോഡ് സമാന നിലയിൽ തകർന്നിട്ടുണ്ട്. മഴയത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് റോഡ് കൂടുതൽ തകർന്നിരിക്കുന്നത്. കാലവർഷം എത്തും മുമ്പേ അപകട സാധ്യതകൾ മുന്നിൽ കണ്ട് ശാസ്ത്രീയമായ രീതിയിൽ പരിഹാരം കാണേണ്ട ഉത്തരവാദിത്തപ്പെട്ടവർ തികഞ്ഞ അവഗണനയാണ് കാട്ടിയതെന്നാണ് ആക്ഷേപം.

ദിവസവും നിരവധി ആളുകൾ ഉപയോഗിക്കുന്ന പ്രധാന റോഡാണ് കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാത. റോഡിലെ കുഴികൾ ഗതാഗതക്കുരുക്കിന് കാരണമാകുകയും വിലപ്പെട്ട സമയം കവരുകയും ചെയ്യുന്നുവെന്ന പരാതിയുമുണ്ട്. റോഡ് നികുതി നൽകിയാണ് എല്ലാവരും വാഹനം പുറത്തിറക്കുന്നത്. എന്നാൽ, യാത്രക്കാരുടെ ജീവന് ഒരു വിലയും നൽകുന്നില്ലെന്നാണ് ഉയരുന്ന വിമർശനം. 

കൂടാതെ ഗതാഗത നിയമലംഘനങ്ങൾക്ക് വാഹന യാത്രക്കാരിൽ നിന്ന് വലിയ പിഴയും ഈടാക്കാറുണ്ട്. ഇതേ സ്ഥലത്ത് നിന്ന് അൽപം അകലെ സർകാരിന്റെ എഐ കാമറയുണ്ട്. റോഡിലെ കുഴികൾ താണ്ടി സമയം നഷ്ടപ്പെട്ടവർ ഇവിടെ എത്തുമ്പോൾ വേഗത കൂട്ടിയാൽ എഐ കാമറയിൽ പെടുമെന്ന സ്ഥിതിയാണുള്ളത്. ഈ കുഴിക്ക് തൊട്ടടുത്ത് പൊലീസ് സ്ഥാപിച്ച കാമറയുമുണ്ട്. കുഴികൾ ദുരിതം വിതയ്ക്കുമ്പോഴും കഴിഞ്ഞ ദിവസം ഈ കാമറയ്ക്ക് താഴെ വാഹനം നിർത്തി പൊലീസ് പരിശോധന നടത്തുകയും നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കുകയും ചെയ്തിരുന്നു. ഇത്രയധികം തുക ജനങ്ങളിൽ നിന്ന് പിഴിഞ്ഞിട്ടും തകർന്ന റോഡ് നന്നാക്കാൻ പണമില്ലേയെന്നാണ് ജനം ചോദിക്കുന്നത്.

പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. റോഡ് നന്നാക്കാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരെ കൂടുതൽ കാര്യക്ഷമരാക്കണം. റോഡ് നികുതി നൽകുന്ന ഓരോ വ്യക്തിക്കും സുരക്ഷിതമായ യാത്രാ സൗകര്യം ലഭിക്കാൻ അവകാശമുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. റോഡ് തകർന്നത് മൂലം മുൻകാലങ്ങളിൽ ഇവിടെ അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഒരു ഫ്‌ലക്‌സ് ബോർഡ് വെച്ചത് കൊണ്ട് മാത്രമായില്ലെന്നും ഇതുവഴി കടന്നുപോകുന്നവർ രോഷത്തോടെ പ്രതികരിക്കുന്നു.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia