Closure | അധികൃതർ കണ്ണുതുറന്നു; സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ് ജംഗ്ഷൻ വരെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു; സെപ്റ്റംബർ 18 മുതൽ 10 ദിവസത്തേക്ക് ഗതാഗത നിരോധനം; വാഹനങ്ങൾ ദേശീയപാത വഴി പോകണം
● സംസ്ഥാന പാതയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.
● യാത്രക്കാർ വലിയ ദുരിതം നേരിടുന്നു.
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ സാഹചര്യത്തിൽ യാത്രാ ദുരിതം തുടരുന്നതിനിടെ, പാതയിലെ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ് ജംഗ്ഷൻ വരെ നിർമാണ പ്രവൃത്തികൾക്ക് സെപ്റ്റംബർ 18 മുതൽ 10 ദിവസത്തേക്ക് ഗതഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ദേശീയപാത വഴി പോകണം.
ചന്ദ്രഗിരി പാലത്തിലടക്കം ഈ പാതയിലെ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. മഴപെയ്താൽ ഉടൻ തന്നെ റോഡ് തകർന്ന് കുഴികൾ രൂപപ്പെടുന്നത് സാധാരണമാണ്. നിർമാണം തുടങ്ങിയ കാലം മുതൽ ഇതുവരെ നിരവധി പേർക്ക് ഈ റോഡിലുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായതിന് പിന്നിലും അശാസ്ത്രീയ നിർമാണമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാതെ അധികൃതർ അലംഭാവം കാട്ടുന്നത് പ്രദേശവാസികളിൽ നിന്ന് വിമർശനത്തിന് വഴിവെച്ചിരുന്നു. കുഴികളിൽ വീണ് അപകടങ്ങൾ ദിനംപ്രതി സംഭവിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതിനിടെയാണ് അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
#kasaragod #kanhangad #roadconstruction #traffic #kerala #india