Complaint | റോഡിലെ കുഴിയടക്കാൻ തള്ളിയ ജെല്ലിപ്പൊടികളും കല്ലുകളും പതിച്ച് ഓവുചാൽ അടഞ്ഞു; സംഭവം കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ താമസിക്കുന്ന വീടിന്റെ മൂക്കിന് താഴെ
ഈ ഭാഗത്ത് രൂപാന്തരപ്പെട്ട കുഴിയിൽ വീണ് നിരവധി ഇരുചക്രവാഹനക്കാരാണ് നിത്യേന അപകടത്തിൽപ്പെടുന്നത്
മൊഗ്രാൽ: (KasargodVartha) ടൗണിന്റെ ഇരു ഭാഗങ്ങളിൽ നിന്നും, മീലാദ് നഗറിൽ നിന്നും കുത്തൊലിച്ചുവരുന്ന മഴവെള്ളം മൊഗ്രാൽ ഷാഫി മസ്ജിദിനടുത്തുള്ള കലുങ്കിലൂടെ മൊഗ്രാൽ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഓവുചാൽ സംവിധാനം അധികൃതരുടെ അനാസ്ഥ മൂലം അടഞ്ഞ നിലയിൽ.
മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദിനടുത്തുള്ള കലുങ്കിന്റെ സമീപം ദേശീയപാതയിലെ സർവീസ് റോഡ് പൂർണമായും തകർന്ന് റോഡിൽ കുഴികൾ വലിയ ഗർത്തങ്ങളായി രൂപാന്തരപ്പെട്ടതിനാൽ നിർമ്മാണ കമ്പനി അധികൃതർ ആഴ്ച തോറും കുഴിയടക്കാനെന്ന പേരിൽ തള്ളുന്ന ജെല്ലികളും, ജെല്ലിപ്പൊടികളും മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നത് സമീപത്തെ ഓവുചാലിലേക്കാണ്.
ഇതുമൂലം ഓവുചാൽ സംവിധാനം തന്നെ മൂടപ്പെട്ട അവസ്ഥയിലായി. സംഭവം കരാർ കമ്പനി ഉദ്യോഗസ്ഥർ താമസിക്കുന്ന വീടിന്റെ മൂക്കിന് താഴെ എന്നതും ശ്രദ്ധേയമാണ്. ഈ ഭാഗത്ത് രൂപാന്തരപ്പെട്ട കുഴിയിൽ വീണ് നിരവധി ഇരുചക്രവാഹനക്കാരാണ് നിത്യേന അപകടത്തിൽപ്പെടുന്നത്. പരിസരവാസികൾ നിരന്തരം നിർമ്മാണ കമ്പനി അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും ജെല്ലിപൊടി കൊണ്ടിടുന്നത് തുടരുകയാണ്.
നാട്ടുകാരുടെ ആവശ്യം
ഈ ഭാഗത്ത് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഈ വിഷയത്തിൽ അധികൃതർ മുഖം തിരിച്ചു നിൽക്കുന്നുവെന്നാണ് ആക്ഷേപം. മൂടപ്പെട്ട ഓവുചാല്‍ സംവിധാനവും പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്.
#Mogral #roadconstruction #Kerala #healthhazards #negligence #sewage