Complaint | മജൽ - ബള്ളൂർ റോഡ് നവീകരണത്തിനായി കിളച്ചിട്ടിട്ട് 8 മാസം കഴിഞ്ഞു; ജനം കടുത്ത ദുരിതത്തിൽ; ഓടോറിക്ഷകൾ അടക്കം ഓട്ടം പോകാൻ വിളിച്ചാൽ മടി കാണിക്കുന്നു
● വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ട്
● ടയറുകൾ പൊട്ടുന്നത് പതിവായി
● നിരവധി പ്രദേശങ്ങളിലേക്കുള്ള പ്രധാന വഴിയാണ്
ചൗക്കി: (KasargodVartha) നവീകരണത്തിനായി കിളച്ചിട്ടിട്ട മജൽ - ബള്ളൂർ റോഡ് അപകടക്കെണിയാക്കുന്നു. എംഎൽഎ തുക ഉപയോഗിച്ച് 50 ലക്ഷം രൂപ ചിലവഴിച്ചാണ് 800 മീറ്ററോളം റോഡ് നവീകരണ പ്രവർത്തനം നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കുണ്ടും കുഴിയും നിറഞ്ഞ റോഡ് കിളച്ചിട്ടത്.
ജില്ലിക്കല്ല് നിരത്തി ഉറപ്പിച്ചതല്ലാതെ ടാറിങ് നടത്തിയിട്ടില്ല. മഴക്കാലം വന്നതോടെ കല്ലുകൾ ഇളകി ഇപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം ദയനീയമായി മാറിയിരിക്കുകയാണ്. കല്ലുകൾ തെറിച്ചു അപകടം ഉണ്ടാകുന്നതും പതിവാണ്. ഓടോറിക്ഷകൾ ഇവിടേക്ക് ഓട്ടം വിളിച്ചാൽ വരാത്ത സ്ഥിതിയാണ് ഉള്ളതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ടയറുകൾ പൊട്ടിയും യന്ത്രഭാഗങ്ങൾക്ക് കേടുവന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്ന് ഓടോറിക്ഷ ഡ്രൈവർമാരും സ്‌കൂൾ ബസ് ഡ്രൈവർമാരും പ്രതികരിച്ചു. നിരവധി പ്രദേശങ്ങളിലേക്കും റേഷൻ കടയിലേക്കുമടക്കം പോകുന്ന പ്രധാന വഴിയാണ് മജൽ - ബള്ളൂർ റോഡ്. ഇവിടെ റോഡ് ഉറപ്പിക്കാൻ കൊണ്ടുവന്ന റോഡ് റോളർ പോലും കേടായി റോഡിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്.
മജൽ പ്രദേശത്തിന് അപ്പുറമുള്ള ജനങ്ങൾ ചുറ്റിവളഞ്ഞാണ് ഇപ്പോൾ ദേശീയപാതയിലേക്കും മറ്റ് പ്രധാന റോഡുകളിലേക്കും സഞ്ചരിക്കുന്നത്. ഉടൻ തന്നെ റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണെമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
#roadconstruction #Kerala #India #localnews #infrastructure #transportation