Complaint | ദേശീയപാത നിർമാണത്തോടെ ഒരു മാസക്കാലമായി മൂന്ന് വാർഡുകളിലെ ജനങ്ങളുടെ വഴിയടഞ്ഞതായി പരാതി; പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു
വലിയ കിടങ്ങ് കുഴിച്ചാണ് പ്രദേശത്തേക്കുള്ള റോഡ് അടച്ചിട്ടിരിക്കുന്നത്
കാഞ്ഞങ്ങാട്: (KasargodVartha) ദേശീയപാത നിർമാണത്തോടെ ഒരു മാസക്കാലമായി മൂന്ന് വാർഡുകളിലെ ജനങ്ങളുടെ വഴിയടഞ്ഞതായി പരാതി. വഴി തുറന്ന് കിട്ടാൻ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പുല്ലൂർ - പെരിയ ഗ്രാമപഞ്ചായതിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന പുളിക്കാൽ, കണ്ണാങ്കോട്ട്, വണ്ണാർ വയൽ, മധുരംപാടി, താളിക്കുണ്ട് എന്നിവിടങ്ങളിലേക്ക് ദേശീയപാത 66 ൽ നിന്നുള്ള പുല്ലൂർ-മധുരംപാടി റോഡ് ആണ് വികസനത്തിൻ്റെ ഭാഗമായി യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
നിരവധി സ്കൂൾ കുട്ടികളും, വിവിധ സർകാർ സ്ഥാപനങ്ങളിലേക്കും നടന്നുപോകുന്നതുമായ റോഡ് ആണിത്. പകരം സംവിധാനം കാണാതെ ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിലാണ് നിർമാണ കരാർ ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കംപനി പെരുമാറുന്നതെന്നാണ് ആക്ഷേപം. കാര്യങ്ങൾ സംസാരിക്കുന്നതിനോ, സൗകര്യം ഒരുക്കുന്നതിനോ, പ്രശ്ന പരിഹാരത്തിനോ യാതൊരു നടപടിയും കൈകൊള്ളാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.
വലിയ കിടങ്ങ് കുഴിച്ചാണ് പ്രദേശത്തേക്കുള്ള റോഡ് അടച്ചിട്ടിരിക്കുന്നത്. ജനങ്ങളുടെ യാത്രാദുരിതം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ കൈമലർത്തുകയാണെന്നാണ് ആരോപണം.