Accident | കുമ്പള ആരിക്കാടിയിലെ വാഹനാപകടം: കണ്ണീരായി യുവാവിന്റെ മരണം
ബൈകും മീൻ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു
കുമ്പള: (KasaragodVartha) ആരിക്കാടി കടവത്ത് ദേശീയപാതയിൽ ബൈകും മീൻ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും ഉറ്റവരും. ദാരുണാപകടത്തിൽ കൊടിയമ്മ ചെപ്പിനടുക്ക പിരിംഗി ഹൗസിലെ മുഹമ്മദിന്റെ മകൻ അബ്ദുർ റഹ്‌മാൻ അശ്കറിനാണ് (22) ജീവൻ നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന ബന്ധു അനസ് പരുക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്.
വെള്ളിയാഴ്ച രാത്രി 9.15 മണിയോടെയായിരുന്നു അപകടം. അശ്കറും അനസും കെ എൽ 14 എഎ 1669 നമ്പർ ബൈകിൽ ബന്തിയോട് ഭാഗത്ത് നിന്ന് കുമ്പള ഭാഗത്തേക്ക് വരുന്നതിനിടെ കാസർകോട് ഭാഗത്ത് നിന്നും മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്നു പികപ് ലോറി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ അശ്കറിനെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.