Appeal | പ്രതികളെ വെറുതെ വിട്ടതിനെതിരെ റിയാസ് മൗലവിയുടെ ഭാര്യ സൈദയും അപീൽ നൽകും; ഹൈകോടതിയെ സമീപിക്കുന്നത് പബ്ലിക് പ്രോസിക്യൂടറായിരുന്ന അഡ്വ. ടി ഷാജിത്ത് മുഖേന;12ന് ഹർജി ഫയൽ ചെയ്യും
* ഹൈകോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് സൈദ
കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട ജില്ലാ പ്രിൻസിപൽ സെഷൻസ് കോടതി വിധിക്കെതിരെ റിയാസ് മൗലവിയുടെ ഭാര്യ സൈദയും അപീൽ നൽകും. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറായിരുന്ന അഡ്വ. ടി ഷാജിത്ത് മുഖേനയാണ് കോടതിയെ സമീപിക്കുന്നത്. ഏപ്രിൽ 12ന് ഹൈകോടതിയിൽ അപീൽ ഹർജി ഫയൽ ചെയ്യും.
കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈകോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സൈദ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. മാർച് 31ന് ചേർന്ന റിയാസ് മൗലവി കേസ് നടത്തിപ്പ് കമിറ്റിയുടെ യോഗത്തിൽ സർകാരിന്റെ അപീലിനൊപ്പം സൈദയുടെയും അപീൽ നൽകാനും അഡ്വ. ടി ഷാജിത്തിന് വക്കാലത്ത് നൽകാനും തീരുമാനിച്ചിരുന്നു.
നേരത്തെ വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍കാര്‍ ഹൈകോടതിയില്‍ അപീല്‍ നല്‍കിയിരുന്നു. ശക്തമായ തെളിവുകള്‍ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ടത് ഞെട്ടിക്കുന്നുവെന്നും സര്‍കാര്‍ നല്‍കിയ അപീലില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും അവയെ കോടതി അവഗണിച്ചതായും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ കോടതി കണ്ടെത്തിയെന്നും അപീലില്‍ ആരോപിക്കുന്നുണ്ട്.
2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ വിധി പറഞ്ഞ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി പ്രതികളായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെയാണ് വെറുതെ വിട്ടത്. റിയാസ് മൗലവിയുടെ ഭാര്യ കൂടി അപീൽ ഹർജി നൽകുന്നതോടെ ശക്തമായ നിയമപോരാട്ടമാണ് ഹൈകോടതിയിൽ നടക്കുക.
sp 'കേസില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ല'