city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി

കാസര്‍കോട്: (www.kasargodvartha.com 02.05.2017) പഴയ ചൂരിയിലെ മദ്രസാധ്യാപകനും പള്ളി മുഅദ്ദിനുമായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (32) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം തയ്യാറായി വരുന്നതായി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കുന്നതിനായി 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം നല്‍കും. ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വരികയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സി ഐ പി കെ സുധാകരനായിരിക്കും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയെന്നും എസ് പി പറഞ്ഞു.

കൊലപാതകത്തില്‍ ഗൂഢാലോചന സംബന്ധിച്ചുള്ള കാര്യങ്ങളിലും അന്വേഷണം തുടരുകയാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേസില്‍ പ്രമുഖനായ അഭിഭാഷകനെ തന്നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് ബന്ധുക്കളില്‍ നിന്നും സമ്മതപത്രം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൂരി ജുമാ മസ്ജിദ് കമ്മിറ്റി റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെയും, കോഴിക്കോട്ടെ അഭിഭാഷകന്റെയും സമ്മത പത്രം സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഒരു സംഘടന നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായി മറ്റു ചില അഭിഭാഷകരുടെ പേരുകളും പരിഗണനയ്ക്കായി നല്‍കിയതായി അറിയുന്നു.

ശാസ്ത്രീയമായ തെളിവുകളും, സാക്ഷി മൊഴികളും അടക്കമുള്ള തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിക്കുക. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇതിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊല നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കൊല നടന്ന് 42 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിരിക്കുന്നത്. കൊലയാളി സംഘത്തെ നേരിട്ട് കണ്ട പള്ളി ഖത്തീബും, അയല്‍വാസിയും പ്രതികളെ തിരിച്ചറിയില്‍ പരേഡില്‍ തിരിച്ചറിഞ്ഞിരുന്നു. ഇത് കേസിന് ശക്തമായ ബലം നല്‍കുന്നതാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ ഉറപ്പിക്കുന്നതിനുള്ള നടപടികളുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 21 ന് രാത്രി 11.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പള്ളിക്ക് സമീപത്തെ മുറിയില്‍ കിടന്നുറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തിന് വെട്ടിയും മറ്റുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. റിയാസ് മൗലവിയുടെ ശരീരത്തില്‍ 28 മുറിവുകളാണ് പോസ്റ്റുമോര്‍ട്ടത്തില്‍ രേഖപ്പെടുത്തിയിരുന്നത്. കഴുത്തിനും നെഞ്ചിനുമേറ്റ മൂന്ന് മാരകമായ മുറിവുകളാണ് മരണത്തിനിടയാക്കിയത്. നെഞ്ചിനേറ്റ വെട്ടില്‍ കരളിനും ശ്വാസകോശത്തിനും മുറിവേറ്റിരുന്നു. കേസില്‍ കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ അജേഷും, അഖിലേഷും സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. പ്രതികളെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

കേസിലെ മുഖ്യപ്രതിയായ കേളുഗുഡ്ഡെയിലെ അജേഷിന്റെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തിരുന്നു. അലക്കാനിട്ട വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് രക്തം പുരണ്ട ഷര്‍ട്ടും ഡബിള്‍ മുണ്ടും പോലീസ് കണ്ടെടുത്തത്. ഇവ ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്. കൊലക്കുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെയെല്ലാം ശാസ്ത്രീയ പരിശോധനാ റിപോര്‍ട്ടും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി

Keywords : Murder Case, Accuse, Kasaragod, Police, Investigation, Kerala, Court, Riyas Maulavi murder: Charge sheet gets ready, Ajesh Appu, Nithin Matha, Akhilesh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia