Concern | സാമ്പത്തിക തര്‍ക്കം വരുമ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വനിതാ കമ്മീഷനില്‍ പരാതി; കാസര്‍കോട്ടെ പുതിയ പ്രവണത ചൂണ്ടിക്കാട്ടി അംഗം
● 62 കേസുകള്‍ പരിഗണിച്ചു.
● 17 കേസുകള്‍ തീര്‍പ്പാക്കി.
● 2 കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിന്.
● 2 കേസുകള്‍ ജാഗ്രത സമിതിക്ക്.
● 25 കേസുകള്‍ തെളിവെടുപ്പിന് മാറ്റിവെച്ചു.
കാസര്‍കോട്: (KasargodVartha) ജില്ലയില്‍ നിന്നും വനിതാ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി കമ്മീഷന്‍ അംഗം പി കുഞ്ഞായിഷ അറിയിച്ചു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പില്‍ 62 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 17 കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകള്‍ പൊലീസ് റിപ്പോര്‍ട്ടിന് അയച്ചു. രണ്ട് കേസുകള്‍ ജാഗ്രത സമിതിക്ക് വിട്ടു. അടുത്ത തെളിവെടുപ്പിലേക്ക് 25 കേസുകള്‍ മാറ്റിവെച്ചു. നാല് പുതിയ പരാതികള്‍ സ്വീകരിച്ചു.
സ്ത്രീകളെ മുന്‍നിര്‍ത്തി പരാതി
കുടുംബപ്രശ്‌നം, ഗാര്‍ഹിക പീഡനം, വഴിത്തര്‍ക്കം, അതിര്‍ത്തിത്തര്‍ക്കം തുടങ്ങിയ പരാതികളാണ് കമ്മീഷന് ലഭിക്കുന്നത്. എന്നാല്‍, സാമ്പത്തിക തര്‍ക്കം വരുമ്പോള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വനിതാ കമ്മീഷനില്‍ പരാതി കൊടുക്കുന്നുണ്ട്. ഈ പ്രവണത വര്‍ദ്ധിച്ചുവരുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ഇത് കമ്മീഷന്‍ പരിശോധിച്ചു വരികയാണെന്നും പി കുഞ്ഞായിഷ പറഞ്ഞു.
കുട്ടികളും പ്രതിസന്ധിയില്‍
കുടുംബപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഏറ്റവും അധികം പ്രയാസം നേരിടുന്നത് ചെറിയ കുട്ടികളാണ്. പരാതികളുമായി വരുന്നവരോടൊപ്പം കുട്ടികളും വരുന്നുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കേണ്ടതും കമ്മീഷന്‍ പരിഗണിക്കും.
തീരദേശ, എന്‍ഡോസള്‍ഫാന്‍ മേഖലകളിലെ സ്ത്രീകള്‍
കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയിലെയും എന്‍ഡോസള്‍ഫാന്‍ മേഖലയിലെയും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പബ്ലിക് ഹിയറിങ് നടത്തി ഇതിനകം പരിശോധിച്ചിട്ടുണ്ട്. അങ്ങനെ ഒട്ടനവധി പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ പ്രത്യേക പഠനം നടത്തി വരുന്നു. ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഈ മേഖലയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.
ബോധവല്‍ക്കരണത്തിന്റെ ഫലം
കൃത്യമായ ബോധവല്‍ക്കരണ പരിപാടികളും പബ്ലിക് ഹിയറിംഗ് ഉള്‍പ്പെടെയുള്ള നടപടികളുമാണ് പരാതികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. പരാതികള്‍ ഇല്ലാത്തതുകൊണ്ടല്ല ബോധവല്‍ക്കരണത്തിലൂടെയാണ് പരാതികള്‍ കൂടിയതെന്ന് കമ്മീഷന്‍ അംഗം വിലയിരുത്തി. സിറ്റിങ്ങില്‍ വനിതാ സെല്‍ എ എസ് ഐ ടി ഷൈലജ, സിപിഒ ജയശ്രീ, കൗണ്‍സിലര്‍ രമ്യ മോള്‍, അഡ്വ പി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
#womenscommission #kasargod #kerala #domesticviolence #womensrights #socialissues