'വൈദ്യുതി ബോര്‍ഡിലെ കരാര്‍ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ലഭിക്കുന്നില്ല'
Aug 23, 2012, 21:05 IST
കാസര്‍കോട്: ഇലക്ട്രിസിറ്റി ബോഡിനു കീഴില്‍ ജോലി ചെയ്യുന്ന മീറ്റര്‍ റീഡര്‍, ലൈന്‍ വര്‍കേഴ്സ്, സബ്സ്റ്റേഷന് ഓപറേറ്റേഴ്സ്, സീനിയര്‍ അസിസ്റ്റന്റ് എന്നീ സംഘടനകള്‍ ഒന്നിച്ചു ചേര്‍ന്ന് കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളി ഫെഡറേഷന് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതാവസ്ഥ വളരെ ദയനീയമാണ്. കാസര്‍കോട് ജില്ലയിലെ വിവിധ സെക്ഷന്‍ ഓഫീസുകളുടെ കീഴില്‍ ജോലി ചെയ്യുന്ന പല തൊഴിലാളികള്‍ക്കും തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ഇപ്പോള്‍ മൂന്ന് നാലു മാസമായി അതും ലഭിക്കുന്നില്ല.
ഓണം, റംസാന് കാലയളവില്‍ നാളിതുവരെയായി ബോണസോ, ഉല്‍സവ ബത്തയോ അനുവദിച്ചു കിട്ടിയിട്ടില്ല. ജില്ലയിലെ നൂറു കണക്കിനു തൊഴിലാളികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും പട്ടിണിയിലാണ്. 2004 ഡിസംബര്‍ 15-നു മുമ്പ് 1200 പ്രവര്‍ത്തി ദിവസം ജോലി ചെയ്ത ലൈന്‍ വര്കേഴ്സിനെ സ്ഥിരപ്പെടുത്തണമെന്ന് പാലക്കാട് ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കിയിട്ടും അതു നടപ്പിലാക്കാന്‍ ഗവണ്മെന്റും ബോര്‍ഡും അമാന്തം കാണിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കടുത്ത പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങാന്‍ സംഘടന നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആദ്യ ഘട്ടം എന്ന നിലയില്‍ തിരുവോണ ദിവസമായ ആഗസ്റ്റ് 29-ന് കരാര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ തൊഴിലാളികളുടെ കൂട്ട ഉപവാസവും ധര്‍ണയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളി ഫെഡറേഷന് ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍, സെക്രട്ടറി സുധീഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Electricity, Kasaragod, Press meet, Dharna.