Fine | 'ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തനം'; റെസ്റ്റോറൻ്റിന് 50,000 രൂപ പിഴ ചുമത്തി കോടതി
കാസർകോട്: (KasaragodVartha) ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച റെസ്റ്റോറൻ്റിന് കാഞ്ഞങ്ങാട് ആർ ഡി ഒ കോടതി 50,000 രൂപ പിഴ ചുമത്തി. കാഞ്ഞങ്ങാട് മാണിക്കോത്ത് പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന്റെ ഉടമ കെ എ മുഹമ്മദ് കുഞ്ഞി ആണ് പിഴ അടക്കേണ്ടത്. പരിശോധനാ സമയത്ത് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസിന് പുറമെ കുടിവെള്ളം പരിശോധിച്ചതിൻ്റെ റിപോർടും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വൃത്തിഹീനമായ രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ് എസ് എസ് എസ് എ ഐ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ട്. ലൈസൻസ് ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് പിഴയുടെ തുക വ്യത്യാസപ്പെടാം. വഴിയോരത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകൾക്കും നിയമം ബാധകമാണ്.
റെസ്റ്റോറന്റുകളിൽ നിന്നും കഴിക്കുന്ന ഭക്ഷണം രുചികരമായിരിക്കണം എന്നതുപോലെ തന്നെ വൃത്തിയുള്ളതും ഭക്ഷ്യയോഗ്യവുമായിരിക്കണമെന്നതും പ്രധാനമാണ്. എന്നാൽ, മിക്ക ഭക്ഷണ ശാലകളും വൃത്തിഹീനമാണെന്ന പരാതി വ്യാപകമാണ്. ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് തന്നെ ഗുരുതരമായ ഭീഷണിയാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ രീതിയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.