city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Environment | ഡയാലിസിസ് സെന്ററിന് വേണ്ടി നാട്ടുകാരെ അഭയാര്‍ഥികളാക്കരുതെന്ന് ബാരിക്കാട് ആക്ഷന്‍ കമ്മറ്റി

Residents protesting against dialysis center in Barikkad, Kasargod, Kerala, India
KasargodVartha Photo

● 'ഉദ്ഘാടന സമയത്ത് സെന്ററിന് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നില്ല.' 
● 'രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നിരാലംബരായ രോഗികളെ കവചമാക്കി.' 
● 'മാലിന്യം ഇരുട്ടിന്റെ മറവില്‍ ജില്ലയുടെ പല ഭാഗത്തും തള്ളുന്നു.'
● 'അഭയം ഡയാലിസിസ് സെന്റര്‍ മാറ്റി സ്ഥാപിച്ച് നാട്ടില്‍ ശുദ്ധജലം ഉറപ്പ് വരുത്തണം.'

കാസര്‍കോട്: (KasargodVartha) ചെങ്കള പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ബാരിക്കാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അഭയം ഡയാലിസിസ് സ്ഥാപനത്തിന് വേണ്ടി നാട്ടുകാരെ അഭയാര്‍ത്ഥികളാക്കരുതെന്ന് ബാരിക്കാട് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ഡയാലിസിസ് സെന്റര്‍ കാരണം ഒരു നാട് മുഴുവനും ദുരിതത്തിലാണെന്നും ശുദ്ധജലത്തിന് കിണറുകള്‍ മാത്രമുള്ള നാട്ടിലെ മുഴുവന്‍ കിണറുകളും രാസമാലിന്യങ്ങള്‍ കലര്‍ന്ന് ഉപയോഗശൂന്യമായിരിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ബാരിക്കാട് പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെയോ ജല്‍മിഷന്‍ പദ്ധതിയുടെയോ മറ്റോ യാതൊരു പൈപ്പ് ലൈനുകളും പോലുമില്ല. നിയമലംഘനത്തിന്റെ ഒരു കൂടാരമാണ് അഭയം എന്ന സ്ഥാപനമെന്നും ആക്ഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി.

16/03/2023 ന് ഉല്‍ഘാടന സമയത്ത് സെന്ററിന് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നില്ല. 19/02/2023 ന് നാട്ടുകാര്‍ പരാതി കൊടുത്തത് കാരണം മൂന്ന് മാസത്തിന് ശേഷമാണ് 07/06/2023 ന് പിസിബിയുടെയും 14/06/2023 ന് പഞ്ചായത്തിന്റെയും പ്രവര്‍ത്തനാനുമതി ലഭിച്ചതെന്ന് ഇവര്‍ ആരോപിച്ചു. സമൂഹത്തിലെ നിരാലംബരായ രോഗികളെ ഒരു കവചമാക്കി ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തോടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അനുമതി നേടിയെടുത്തതെന്നും ആക്ഷന്‍ കമ്മറ്റി കുറ്റപ്പെടുത്തി.

പിസിബി രണ്ട് പ്രാവശ്യവും ഹെല്‍ത്ത് ഒരു പ്രാവശ്യവും ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നിട്ടും ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എല്ലാ മാനദണ്ഡങ്ങള്‍ക്കും വിപരീതമാണെന്ന് പറഞ്ഞു.

ദിവസേന 25000 ലിറ്ററില്‍ കൂടുതല്‍ വെള്ളമുപയോഗിക്കുന്ന സ്ഥാപനത്തിന് സ്വന്തമായി ഒരു ജലസ്രോതസ്സ് പോലും ഇല്ല. രണ്ടേക്കറില്‍ കുറയാത്ത സ്ഥലത്ത് ശാസ്ത്രീയമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റുകള്‍ സ്ഥാപിച്ച് മലിനജലം റീസൈക്കിള്‍ ചെയ്ത് കൃഷികള്‍ക്ക് ഉപയോഗിക്കേണ്ടതിന് പകരം ജനവാസ കേന്ദ്രത്തില്‍ വെറും 25 സെന്റ് സ്ഥലത്ത് ശരിയായ യാതൊരു സംവിധാനവും ചെയ്യാതെ നേരിട്ട് ഭൂമിയിലേക്ക് ഇറക്കി വിടുകയാണ് ചെയ്ത്. 200 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ രണ്ട് കുഴല്‍ കിണറുകള്‍ കുഴിച്ച് അവര്‍ ഉപേക്ഷിച്ചിരുന്നു. അതിലൂടെയും മലിന ജലം ഒഴുക്കി വിട്ടതായി ബലമായി സംശയിക്കുന്നുവെന്ന് ഇവര്‍ പറഞ്ഞു. 

എസ്ടിപി എന്ന് പറഞ്ഞ് നാല് വാട്ടര്‍ ടാങ്കുകള്‍ രണ്ടാം നിലയില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിന് സ്ലഡ്ജ് ബെഡുകളോ പ്ലോക്കേഷന്‍ ടാങ്കോ ക്ലോറിനേഷന്‍ ടാങ്കോ ഒന്നും ഇല്ല. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ഡമ്മി സ്ഥാപിച്ചതാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ദിവസം പ്രവര്‍ത്തിപ്പിച്ചപ്പോളുണ്ടായ സ്ലഡ്ജ് ഒന്നര വര്‍ഷമായിട്ടും അതില്‍ കിടക്കുകയാണെന്നും ഇതുമായെല്ലാം ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, പിസിബി ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ശുചിത്വ മിഷന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി സമര്‍പ്പിച്ചതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കലക്ടറും എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും നാട്ടുകാരുടെ പ്രശ്‌നം ബോധ്യപ്പെട്ടതും കലക്ടര്‍ സ്ഥാപനം സ്റ്റോപ്പ് ചെയ്യാന്‍ പറഞ്ഞതുമാണെന്നും പിന്നീട് രോഗികളെ കാണിച്ച് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനം മാറ്റുകയുണ്ടായെന്നും ഇവര്‍ പറഞ്ഞു. തല്‍ക്കാലം ഭൂമിയില്‍ മാലിന്യം ഒഴുക്കാതെ ടാങ്കറില്‍ കൊണ്ടുപോയി പ്ലാന്റില്‍ സംസ്‌ക്കരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കേരളത്തില്‍ കൊച്ചിയിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള പ്ലാന്റ് ഉള്ളത്. അവിടേക്ക് കൊണ്ടുപോകുന്നത് ഭാരിച്ച ചിലവുള്ളതുകൊണ്ട് ഇവര്‍ ഇരുട്ടിന്റെ മറവില്‍ ജില്ലയുടെ പല ഭാഗത്തും തള്ളുകയാണ്. ഇത് ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ്. കലക്ടറുടെ നിര്‍ദേശപ്രകാരം ചെങ്കള പഞ്ചായത്ത് ടാങ്കറില്‍ എത്തിക്കുന്ന വെള്ളത്തിനെ ആശ്രയിച്ചാണ് നാട്ടുകാര്‍ ഇന്ന് ജീവിക്കുന്നത്.

ഒരു പൊതി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെടുത്തിയാല്‍ 2500 രൂപ പാരിതോഷികം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഒരു നാടിന്റെ മുഴുവന്‍ ജലവും മണ്ണും മലിനമാക്കിയവര്‍ക്കെതിരെ യാതൊരു നടപടിയും കൈകൊണ്ടില്ലെന്ന് ഇവര്‍ വിമര്‍ശിച്ചു. ഇതിനെതിരെ ബാരിക്കാട് ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന അനിശ്ചിതകാല സമരം 47-ാം ദിവസമായി തുടരുകയാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഇത്രയും ജനവാസ സ്ഥലത്ത് ഈ സ്ഥാപനത്തിന് അനുമതി നല്‍കിയ ഗ്രാമ പഞ്ചായത്ത്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, അധികാരികളും നാട്ടിലെ ഈ ദുരിതത്തിന് ഉത്തരവാദികളാണ്.

എത്രയും പെട്ടെന്ന് അഭയം ഡയാലിസിസ് സെന്റര്‍ മാറ്റി സ്ഥാപിച്ച് നാട്ടില്‍ ശുദ്ധജല ഉറപ്പ് വരുത്തിയില്ലെങ്കില്‍ മേല്‍ പറഞ്ഞ ഓഫീസ് ഉപരോധവും കലക്‌ട്രേറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ മുഹമ്മദ് കുഞ്ഞി, കെ എം അബ്ദുള്‍ സലാം, ബി കുമാരന്‍, ബി അബ്ദുള്‍ മുനീര്‍, കെ എ ഷാഹിദ പങ്കെടുത്തു.

ഈ പ്രശ്‌നത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

Residents of Barikkad in Kasargod are protesting against a dialysis center, alleging that it is polluting their water sources and operating illegally.

#EnvironmentalPollution, #Protest, #Kasargod, #DialysisCenter, #WaterPollution

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia