Demand | മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്: മുളിയാർ-ചെമ്മനാട് പയസ്വിനി പാലം നിർമ്മാണം ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ഒക്ടോബർ 26ന്; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
● നാല് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഗതാഗത സൗകര്യം എളുപ്പമാകും.
● പ്രദേശത്ത് ബന്ധപ്പെട്ട വകുപ്പുകൾ ഒന്നിച്ച് സാധ്യതാപഠനം നടത്തി അംഗീകാരം നൽകിയിരുന്നു.
മുളിയാർ: (KasargodVartha) ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി ആലൂർ, മുണ്ടക്കൈയിൽ നിന്നും മഹാലക്ഷ്മിപൂരം ക്ഷേത്രത്തെ ബന്ധിപ്പിച്ചു കൊണ്ട് ഒരു പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്ന ഒരു ആവശ്യത്തിന് വേണ്ടി പ്രദേശവാസികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്.
ഈ പദ്ധതി യാഥാർത്ഥ്യമായാൽ മുളിയാർ, കാറഡുക്ക, ദേലംപാടി, ചെമനാട് തുടങ്ങിയ നാല് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ഗതാഗത സൗകര്യം വളരെ എളുപ്പമാകും. മടിക്കേരി ഭാഗത്തു നിന്നും വരുന്നവർക്ക് ചെർക്കളയിലൂടെയുള്ള ദീർഘമായ യാത്ര ഒഴിവാക്കി നിർദ്ധിഷ്ഠ പാലത്തിലൂടെ ചട്ടഞ്ചാലിലേക്ക് എത്തി നേരിട്ട് നാഷണൽ ഹൈവേ 66-ൽ എത്താനും സാധിക്കും.
വർഷങ്ങൾക്ക് മുമ്പ് റെഗുലേറ്ററിൻ്റെ വർക്ക് പൂർത്തീകരണ സമയത്ത് പാലം നിർമ്മാണത്തിന് വേണ്ടി പ്രദേശത്ത് ബന്ധപ്പെട്ട വകുപ്പുകൾ ഒന്നിച്ച് സാധ്യതാപഠനം (ബോറിംഗ് ഉൾപ്പടെ) നടത്തി അംഗീകാരം നൽകിയതാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന പ്രവണതയ്‌ക്കെതിരെയാണ് പ്രദേശവാസികൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
രാഷ്ട്രീയക്കാരുടെ വ്യാജവാഗ്ദാനങ്ങളിൽ നിന്നും മുക്തി നേടാനും, ഇലക്ഷൻ വരുമ്പോൾ മാത്രം ചലിക്കുകയും പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത അവസ്ഥ ഇനിയും തുടരാൻ പാടിലെന്ന ഉദ്ദേശത്തോടേയും എത്രയും പെട്ടെന്ന് ഈ പാലം യാഥാർത്ഥ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട്, ഏറെ ഗുണഭോക്താക്കളായ പ്രദേശത്തുള്ള യുവ ജന സംഘടനകൾ ചേർന്ന് പാലം നിർമ്മാണ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
ഒക്ടോബർ 26 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മൈനർ ഇറിഗേഷൻ ഓഫീസിന് മുന്നിൽ നടക്കുന്ന ജനകീയ പ്രതിഷേധത്തിലൂടെ തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. എ.ടി. അബ്ദുള്ള ആലൂർ ചെയർമാനായും സുജിത്ത് മുണ്ടക്കൈ കൺവീനറായും ഉള്ള കമ്മിറ്റിയിൽ ഇസ്മായിൽ ആലൂർ, എ ടി ഖാദർ, ശിഹാബ് മീത്തൽ, ഷിജിത്ത് മളിക്കാൽ, അനിൽ കുമാർ, രതീഷ് എം ആർ ചവരിക്കുളം, കൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, ബാലകൃഷ്ണൻ, സതീശൻ, അബ്ദുള്ള അപ്പോളോ, ഗണേഷൻ മൈ കുഴി, സൂരജ്, അബ്ദുൽ ഖാദർ മീത്തൽ, നൂറുദ്ദീൻ എം കെ, ശരീഫ് മുണ്ടക്കൈ തുടങ്ങിയ 17 അംഗങ്ങളെയും തെരഞ്ഞെടുത്തു.
പ്രസിഡണ്ട് എ ടി കാദറിന്റെ അധ്യക്ഷതയിൽ നടന്ന ആലൂർ കൾച്ചറൽ ക്ലബ്ബിൽ നടന്ന യോഗം, ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതവും, ശാസ്താ മുണ്ടക്കൈ സെക്രട്ടറി ഷിജിത്ത് നന്ദിയും പറഞ്ഞു. എസിസി ആലൂർ, ശാസ്താ മുണ്ടക്കൈ, പയസ്വിനി മുണ്ടക്കൈ, പുനർജനി ആൽനടുക്കം തുടങ്ങിയ ക്ലബ്ബ് ഭാരവാഹികൾ സംബന്ധിച്ചു.
#PayaswiniBridge #Kerala #protest #infrastructure #community #demand #localnews