Tragedy | അനധികൃതമായി മീൻപിടിക്കുന്ന ബോട് പിടികൂടാനെത്തിയ ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡിന്റെ കാൽ ബോടിനിടയിൽപ്പെട്ട് അറ്റുതൂങ്ങി; ആഴക്കടലിൽ നടന്നത് 2 മണിക്കൂർ നീണ്ട സാഹസിക രക്ഷാപ്രവർത്തനം
● കാൽ ബോടിനിടയിൽ കുടുങ്ങി 90% അറ്റുതൂങ്ങി.
● സാഹസിക രക്ഷാപ്രവർത്തനത്തിന് ശേഷം മംഗ്ളൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● ആശുപത്രിയിൽ ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി.
ബേക്കൽ: (KasargodVartha) അനധികൃത മീൻപിടുത്തം പിടികൂടാനെത്തിയ ഫിഷറീസ് വകുപ്പിൻ്റെയും കോസ്റ്റൽ പൊലീസിൻ്റെയും ബോടിലെ റെസ്‌ക്യു ഗാര്‍ഡിനെ രണ്ട് ബോടുകൾക്കിടയിൽ കാൽ കുടുങ്ങി കാൽ 90 ശതമാനം അറ്റു തൂങ്ങി ഗുരുതരാവസ്ഥയിൽ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയപറമ്പ് മാവിലാക്കടപ്പുറം ഒരിയരയിലെ എം ബിനീഷിന് (45) ആണ് ഗുരുതരമായി പരിക്കേറ്റത്.
കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സംയുക്തമായി കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സമുദ്രാതിര്‍ത്തി കടന്നു അനധികൃതമായി മീൻപിടിക്കുകയായിരുന്ന ബോട് ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥ സംഘം ബോടിൽ തളങ്കര ലൈറ്റ് ഹൗസിൽ നിന്നും 10 നോടികൽ മൈൽ അകലെ കർണാടക ബോടിനെ ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് പിടികൂടിയത്. അനധികൃതമായി ലൈറ്റ് തെളിച്ച് മീന്‍ പിടിച്ചതിനാണ് ബോട് പിടിച്ചെടുത്തത്.
പിടികൂടിയ ബോടിനെ ബേക്കല്‍ പള്ളിക്കര ഫിഷ് ലാന്‍ഡിങ് സെന്ററില്‍ എത്തിക്കുന്നതിനായി വടം കെട്ടി കൊണ്ടുവരാനുള്ള ശ്രമത്തിനിടെ ഒരു ബോട് തെന്നി നീങ്ങി പോയി. പിന്നീട് വടം മുറുകിയപ്പോൾ ശക്തമായി തിരിച്ചു അടുത്തപ്പോഴാണ് ഇരു ബോടുകൾക്കുമിടയിലായി ബിനീഷിൻ്റെ കാൽ കുടുങ്ങിയത്. കാൽപാതത്തിന് തൊട്ടു മുകളിലായാണ് യുവാവിൻ്റെ കാൽ അറ്റുതൂങ്ങിയത്. കാൽ കുടുങ്ങിയതോടെ തലയിടിച്ചു ബോടിൽ വീണ ബിനീഷ് വേദന കൊണ്ട് പിടഞ്ഞു.
പിടികൂടിയ ബോടിൻ്റെ യന്ത്രഭാഗത്ത് വല കുടുങ്ങിയതിനാൽ രണ്ടു ബോടുകളും അക്ഷരാർത്ഥത്തിൽ നടുക്കടലിൽ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ബോടിലുണ്ടായിരുന്നവർ വിവരം ഹൊസ്ദുർഗ് എസ് ഐയും നീന്തൽ താരവുമായ സെയ്ഫുദ്ദീനെ അറിയിക്കുകയായിരുന്നു. പിന്നീട് നടന്നത് ബിനീഷിൻ്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യമായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിനെ വിവരമറിയിച്ച് ആംബുലൻസ് അടക്കം കരയിൽ സജ്ജമാക്കിയ എസ്ഐ സെയ്ഫുദ്ദീൻ നിമിഷ നേരം കൊണ്ട് പൊലീസ് ജീപിൽ പള്ളിക്കരയിലെത്തി ബീചിലെ മീൻപിടുത്തതൊഴിലാളികളായ ഷിജിൻ, സതീഷ്, ജോബിൻ, ഷൈജു കോട്ടിക്കുളം, സൈഫുദ്ദീൻ എന്നിവരുമായി ചേർന്ന് യന്ത്രതോണിയിൽ ബോട് കുടുങ്ങിക്കിടന്ന സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. അറ്റുതൂങ്ങിയ കാലിൽ നിന്നും രക്തം വാർന്ന് പോകുന്നത് തടയാൻ ബോടിലുണ്ടായിരുന്നവർ തുണികൊണ്ട് കെട്ടി ഐസ് വെച്ചിരുന്നു. ഇതിനിടയിൽ ബോടിനെ അതിസാഹസികമായി അഞ്ച് കിലോമീറ്ററോളം കൊണ്ടുവരാനും കഴിഞ്ഞു.
എസ്ഐ സൈഫുദ്ദീനും സംഘവും എത്തിയ തോണിയിൽ ബിനീഷിനെ അറ്റുതൂങ്ങിയ കാൽ മരപലക വെച്ച് കെട്ടി അനങ്ങാതെ കയറ്റി അരമണിക്കൂറിനകം പള്ളിക്കര ഫിഷ് ലാൻഡിംഗ് സെൻ്ററിലെത്തിച്ചു. അവിടെ സജ്ജമാക്കി നിർത്തിയ ആംബുലൻസിൽ രാത്രി 11.30 മണി കഴിഞ്ഞാണ് കാസർകോട് കിംസ് ആശുപത്രിയിലെത്തിച്ചത്. കിംസ് ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് അറിയിച്ചതിനാൽ ആശുപത്രി അധികൃതരും സജ്ജരായി നിന്നിരുന്നു.
പ്രാഥമിക ചികിസ നടത്തിയ ഡോക്ടർ, പെട്ടെന്ന് മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചാൽ അറ്റുതൂങ്ങിയ കാൽ തുന്നിചേർക്കാൻ കഴിഞ്ഞേക്കുമെന്ന് അറിയിച്ചതിനാൽ അവിടെയെത്തിച്ച് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി. അര മണിക്കൂർ കൂടി കഴിഞ്ഞിരുന്നുവെങ്കിൽ രക്തം വാർന്ന് ബിനീഷിൻ്റെ ജീവൻ തന്നെ അപകടത്തിൽ പെടുമായിരുന്നുവെന്ന് മംഗ്ളൂറു ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി രക്ഷാപ്രവർത്തനം നടത്തിയവർ കാസർകോട് വാർത്തയോട് പറഞ്ഞു.
വിവരമറിഞ്ഞ് ഫിഷറീസ് അസി. ഡയറക്ടർ പി വി പ്രീത അടക്കമുള്ള ഫിഷറീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ബേക്കൽ കോസ്റ്റൽ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, സജിത്ത്, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സിവിൽ പൊലീസ് ഓഫീസർ സുബാഷ് തുടങ്ങിയവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. മറൈൻ എൻഫോഴ്സ്മെൻ്റിലെ താൽക്കാലിക റെസ്ക്യൂ ഗാർഡാണ് അപകത്തിൽപ്പെട്ട ബിനീഷ്.
#PoliceRescue #BoatAccident #KeralaNews #FishingSafety #CoastGuard #EmergencyResponse