Tribute | പ്രൊഫ. പി കെ ശേഷാദ്രിയുടെ സ്മരണയിൽ ശിഷ്യന്മാർ നവംബർ 14ന് ഒത്തുകൂടുന്നു; വൈവിധ്യമാർന്ന പരിപാടികൾ
● ശേഷാദ്രി എൻഡോവ്മെൻറ് പുരസ്കാരം സമ്മാനിക്കും
● 'ദി ഗെയിം ഓഫ് ചെസ്' എന്ന നാടകം അരങ്ങിലെത്തും.
● 16-ാം ചരമവാർഷികമാണ് ആചരിക്കുന്നത്
കാസർകോട്: (KasargodVartha) ഗവ. കോളജിലെ അധ്യാപകനായിരുന്ന പ്രൊഫ. പി കെ ശേഷാദ്രിയുടെ 16-ാം ചരമവാർഷികം നവംബർ 14ന് വിപുലമായി ആചരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ശേഷാദ്രിയൻസ്' എന്ന പേരിൽ ശിഷ്യഗണങ്ങൾ സംഘടിപ്പിക്കുന്ന ഈ അനുസ്മരണ ചടങ്ങ് പുലിക്കുന്നിലെ മുനിസിപ്പൽ ടൗൺ ഹാളിൽ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും.
അനുസ്മരണ ചടങ്ങിൽ ശേഷാദ്രി മാസ്റ്ററുടെ ശിഷ്യന്മാരും ജനപ്രതിനിധികളും പങ്കെടുക്കും. പ്രൊഫ. സി. താരനാഥ് അനുസ്മരണ പ്രസംഗം നടത്തും. എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിക്കും.
മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സിനിമ-നാടക നടനുമായ പ്രൊഫ. അലിയാര്‍, എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, മാധ്യമ പ്രവര്‍ത്തകന്‍ രത്നാകരന്‍ മാങ്ങാട്, പ്രൊഫ. സാഹിറ റഹ്മാന്‍, പ്രൊഫ. പി.കെ ശേഷാദ്രിയുടെ മകന്‍ കൃഷ്ണകുമാര്‍, മകള്‍ ഇന്ദു, സിനിമാതാരം അനഘ നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കാസർകോട് ഗവ. കോളജിൽ ബിഎ ഇംഗ്ലീഷിൽ ടോപ് സ്കോററും കണ്ണൂർ സർവകലാശാലയിൽ മൂന്നാം റാങ്ക് ജേതാവുമായ തളങ്കരയിലെ ആയിഷ, ത്രിവേണി കോളജിലെ മിടുക്കരായ മൂന്ന് വിദ്യാർത്ഥികൾ എന്നിവർക്ക് പ്രൊഫ. പി കെ ശേഷാദ്രി എൻഡോവ്മെൻ്റ് കമ്മിറ്റി നൽകുന്ന കാഷ് പ്രൈസും ഉപഹാരവും ചടങ്ങിൽ സമ്മാനിക്കും. ശേഷാദ്രി മാസ്റ്ററുടെ പെയിൻ്റിംഗ് അദ്ദേഹത്തിൻ്റെ മക്കൾക്ക് കൈമാറും.
സണ്ണി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച 'തിലോദകം' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. തുടർന്ന്, 1981ല്‍ പ്രൊഫ. പി കെ ശേഷാദ്രിയുടെയും പ്രൊഫ. സി താരനാഥിന്റെയും സംവിധാനത്തില്‍ കാസര്‍കോട് ഗവ. കോളജിലെ വിദ്യാര്‍ത്ഥികള്‍ തൃശൂരില്‍ നടന്ന കോഴിക്കോട് യൂണിവേഴ്സിറ്റി കലോത്സവത്തില്‍ അവതരിപ്പിച്ച് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട 'ദി ഗെയിം ഓഫ് ചെസ്' എന്ന നാടകം അരങ്ങേറും.
അന്ന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ടി എ ഇബ്രാഹിം, വേഷമിട്ട വഹാബ് പൊയക്കര എന്നിവര്‍ക്ക് പുറമെ ഡോ. ഖാദര്‍ മാങ്ങാടും ഡോ. അഷ്റഫും പ്രധാന വേഷങ്ങളിലെത്തും. പ്രൊഫ. സി താരാനാഥാണ് ഇത്തവണയും സംവിധാനം നിര്‍വഹിക്കുന്നത്. കാസര്‍കോട്ടെ ടിഎടിപി എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ സഹകരണത്തോടെയാണ് നാടക അവതരണം. വെങ്കിടേഷ് രാമകൃഷ്ണന്‍ സ്റ്റേജ് മാനേജറും അനന്തകൃഷ്ണന്‍ ജി.എസ്, അശ്വഥ് മുത്തപ്പന്‍ എന്നിവര്‍ ടെക്‌നിക്കല്‍ സഹായികളുമാണ്
നാടകാവതരണത്തിന് ശേഷം ജയരാജ് കൂട്ടക്കനി, ശ്രീലത ഇബ്രാഹിം, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറും. വാർത്താസമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി ഡോ. ഖാദർ മാങ്ങാട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എം ഹനീഫ്, ജനറൽ കണ്‍വീനർ കെ.പി അസീസ്, പ്രചാരണ വിഭാഗം ചെയർമാൻ ടി.എ ഷാഫി, തിലോദകം ഡോക്യുമെൻ്ററി സംവിധായകൻ സണ്ണി ജോസഫ് എന്നിവർ സംബന്ധിച്ചു.
#ProfessorPKSeshadri #Memorial #Tribute #Education #Kasaragod #Kerala