Revenue Relief | ഭൂമിയുടെ വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്തവർക്ക് ആശ്വാസ വാർത്ത; മുദ്രവിലയുടെ പകുതി അടച്ച് റവന്യൂ നടപടികളില്‍ നിന്നും ഒഴിവാകാൻ അവസരം
![Relief for Property Registration with Reduced Valuation](https://www.kasargodvartha.com/static/c1e/client/114096/uploaded/a7a1cae6a60c39235f0a0ba6ea96bf5c.jpg?width=823&height=463&resizemode=4)
● റവന്യൂ റിക്കവറിക്ക് വിട്ട കേസുകളും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്.
● സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യം 2025 മാർച്ച് 31 ന് അവസാനിക്കും.
● ആധാരം അണ്ടർ വാല്യുവേഷൻ നടപടികള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.
കാസർകോട്: (KasargodVartha) ഭൂമിയുടെ വില കുറച്ച് ആധാരം രജിസ്റ്റർ ചെയ്തവർക്ക് (അണ്ടർ വാലുവേഷൻ) ആശ്വാസ വാർത്ത. ഇപ്പോൾ മുദ്രവിലയുടെ പകുതി മാത്രം അടച്ച് റവന്യൂ നടപടികളില്‍ നിന്നും ഒഴിവാകാന്‍ അവസരം. 2017 എപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്കാണ് ഈ ഇളവ് ബാധകം. 1986 മുതൽ 2017 മാർച്ച് 31 വരെ റിപ്പോർട്ട് ചെയ്ത അണ്ടർവാലുവേഷൻ കേസുകളിലും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മുദ്രയിൽ 60 ശതമാനവും ഫീസിൽ 75 ശതമാനവും ഇളവ് ലഭിക്കും.
സർക്കാരിന്റെ ഉത്തരവനുസരിച്ച് കാസർകോട് ജില്ലാ രജിസ്റ്റർ ഓഫീസിൽ നിന്നും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. റവന്യൂ റിക്കവറിക്ക് വിട്ട കേസുകളും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. നോട്ടീസ് ലഭിച്ച കക്ഷികൾക്ക് സബ് രജിസ്റ്റർ ഓഫീസിൽ എത്തി ഇളവ് പ്രകാരമുള്ള കുറവ് തുക ഇ പേയ്മെന്റായോ പണമായോ നൽകാം.
സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യം 2025 മാർച്ച് 31 ന് അവസാനിക്കും. ഈ അവസരം ഉപയോഗിക്കാതിരുന്നാൽ ഇളവ് കാലാവധി തീരുന്ന മുറയ്ക്ക് ജപ്തി നടപടികള്‍ ഉണ്ടാകും. ആധാരം അണ്ടർ വാല്യുവേഷൻ നടപടികള്‍ക്ക് വിധേയമായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ സൗകര്യമുണ്ട്.
അതുവഴി അണ്ടർ വാലൂവേഷൻ നടപടി ഉണ്ടെങ്കില്‍ നോട്ടീസ് ലഭ്യമായിട്ടില്ലെങ്കിലും സബ് രജിസ്റ്റർ ഓഫീസുകളില്‍ ഇളവ് പ്രകാരമുള്ള തുക അടക്കാവുന്നതാണെന്നും ജില്ലാ രജിസ്ട്രാർ അറിയിച്ചു. വെബ്സെറ്റ്: https://pearl(dot)registration(dot)kerala(dot)gov(dot)in
#PropertyValuation #StampDutyRelief #KeralaProperty #UnderValuation #RevenueRelief #Kasaragod