റെജിയുടെ മരണത്തോടെ ജോഷ്നി അനാഥയായി
May 14, 2012, 15:01 IST
![]() |
Reji |
ഞായറാഴ്ച ഉച്ചക്ക് പ്ളാച്ചിക്കരയില്‍ 11 കെ വി വൈദ്യുതി ലൈനിലെ തകരാറുകള്‍ നന്നാക്കുന്നതിനിടയിലാണ് കെ എസ് ഇ ബിയിലെ മസ്ദൂര്‍ ആയ റെജി ഷോക്കേറ്റ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് യുവാവ് ഇലക്ട്രിസ്റി വകുപ്പില്‍ മസ്ദൂറായി ജോലിയില്‍ പ്രവേശിക്കുന്നത്. 11 കെ വി ലൈനിലെ ഇന്‍സുലേറ്റര്‍ ഇടിമിന്നലില്‍ തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാനാണ് റെജി മറ്റ് മൂന്ന് പേരോടൊപ്പം ഉച്ചക്ക് പ്ളാച്ചിക്കരയിലെത്തിയത്. വൈദ്യുതി ഓഫാക്കി എന്ന് ഭീമനടി സെക്ഷന്‍ ഓഫീസില്‍ നിന്ന് വിവരം ലഭിച്ചതിനെതുടര്‍ന്നാണ് റെജിയെ കൂടെയുണ്ടായിരുന്ന ഓവര്‍സിയര്‍ എന്നിവര്‍ പോസ്റില്‍മേല്‍കയറ്റിയത്. വൈദ്യുതി ഓഫായി എന്ന ധാരണയില്‍ പോസ്റില്‍ കയറിയ റെജിക്ക് മാരകമായി ഷോക്കേല്‍ക്കുകയായിരുന്നു. കൈകള്‍ പാടെ കരിഞ്ഞ നിലയിലായിരുന്ന റെജിയെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പിന്നീട് പോസ്റുമോര്‍ട്ടത്തിന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. കൊച്ച് മറ്റത്തില്‍ ഐസക്കിന്റെയുംറോസമ്മയുടെയും മകനാണ്. പത്ര ഏജന്റ് റോയി ഏക സഹോദരനാണ്.
റെജിയുടെ മരണത്തോടെ ജോഷ്നിയുടെയും മക്കളുടെയും ഭാവി ഇരുളടഞ്ഞു. തിരിപ്പൂരില്‍ അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന ജോഷ്നിയെ എല്ലാം ഉറപ്പിച്ച ശേഷമാണ് റെജി തന്റെ ജീവിത സഖിയാക്കിയത്. വെള്ളരിക്കുണ്ട് ടൌണിലെ 5 സെന്റ് ഭൂമിയും അതിലെ ഒരു ചെറിയ വീടുമാണ് ആകെ സമ്പാദ്യം. അനാഥാലയത്തില്‍ നിന്ന് റെജിയോടൊപ്പം പടിയിറങ്ങുമ്പോള്‍ ഇത്രയും നേരത്തെ വിധി തന്നോട് ക്രൂരമായി പെരുമാറുമെന്ന് ജോഷ്നി സ്വപ്നത്തില്‍പോലും നിലച്ചിരുന്നില്ല. റെജിയുടെ മരണത്തോടെ ഈ കുടുംബത്തിന്റെ ഭാവി ഇരുളടഞ്ഞതാകുന്നു. ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരു അവസ്ഥ.
കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല ജനറല്‍ സെക്രട്ടറി ബെന്നി ബഹ്നാന്‍ തുടങ്ങിയവര്‍ ഞായറാഴ്ച രാവിലെ ജില്ലാശുപത്രിയിലെത്തി റെജിക്ക് അന്തിമോപചാരമര്‍പ്പിച്ചു.