ജില്ലാ ക്ഷീരസംഗമവും റീജണല്‍ ഡയറി ലബോറട്ടറി ഉദ്ഘാടനവും 24, 25 തീയതികളില്‍; ജില്ലയില്‍ പാലുല്‍പ്പാദനം കൂടിയെന്ന് അധികൃതര്‍
Mar 22, 2017, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2017) ക്ഷീരവികസന വകുപ്പിന്റെയും, കാസര്‍കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, മില്‍മ എന്നിവരുടെ സഹകരണത്തോടെ റീജണല്‍ ഡയറി ലബോറട്ടറി ഉദ്ഘാടനവും കാസര്‍കോട് ജില്ലാ ക്ഷീര സംഗമവും വിവിധ പരിപാടികളോടെ 24,25 തീയതികളില്‍ കുമ്പള നായ്ക്കാപ്പില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1990ല്‍ ക്ഷീര വികസന വകുപ്പ് ജില്ലാതല ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി കാസര്‍കോട് ജില്ലയില്‍ ക്ഷീര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് കൈവന്നിരുന്നു. 50ല്‍ താഴെ ക്ഷീര സംഘങ്ങളുമായി പ്രവര്‍ത്തനം ആരംഭിച്ച ജില്ലയില്‍ ഇന്ന് 143 ക്ഷീര സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സംഘങ്ങള്‍ വഴി 9,000ല്‍ പരം ക്ഷീര കര്‍ഷകരില്‍ നിന്നുമായി പ്രതിദിനം 60,000 ലിറ്റര്‍ പാല്‍ സംഭരിച്ച് വരുന്നു. ജില്ലയില്‍ ക്ഷീര വികസന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു പുറമെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ്, മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എന്നീ ബ്ലോക്കുകളില്‍ ക്ഷീര വികസന യൂണിറ്റ് ഓഫീസുകളുമാണ് പ്രവര്‍ത്തിച്ചു വരുന്നത്.
കുമ്പള പഞ്ചായത്തിലെ കോയിപ്പാടി വില്ലേജില്‍ 3 കോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് റീജയണല്‍ ഡയറി ലബോറട്ടറി നിര്‍മ്മിച്ചത്. ഇതോടനുബന്ധിച്ച് ക്ഷീര പരിശീലന കേന്ദ്രം കൂടി അനുവദിച്ചിട്ടുണ്ട്. കാസര്‍കോട് പാക്കേജില്‍ ക്ഷീര വികസന വകുപ്പിന് മൊബൈല്‍ ക്വാളിറ്റി കണ്‍ട്രോള്‍ വാഹനവും ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുമായി 174 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ മൊബൈല്‍ ക്വാളിറ്റി കണ്‍ട്രോള്‍ വാഹനം വാങ്ങിക്കുകയും ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരികയും ചെയ്യുന്നുണ്ട്.
ക്ഷീര സംഗമത്തില്‍ ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ നിന്നും 1500ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ക്ഷീര സംഗമത്തോടനുബന്ധിച്ച് ക്ഷീര വികസന സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ക്ഷീര കര്‍ഷക പാര്‍ലമെന്റ്, ഡയറി എക്‌സിബിഷന്‍, ഗവ്യ ജാലകം, കന്നുകാലി പ്രദര്‍ശനം എന്നിവയും നടത്തപ്പെടും. എം എല്‍ എ പി ബി അബ്ദുള്‍ റസാഖിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജില്ലാ ക്ഷീര സംഘമം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റീജണല്‍ ഡയറി ലബോറട്ടറി ഉദ്ഘാടനം വനം- വന്യജീവി-മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ കെ രാജുവും നിര്‍വഹിക്കും. എം പി, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മൃഗ സംരക്ഷണ- ക്ഷീരവികസന വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍, മില്‍മ ചെയര്‍മാന്‍, ത്രിതല പഞ്ചായത്ത് സാരഥികള്‍, വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Inauguration, Milk, Production, Kumbala, Exhibition, Regional diary Laboratory, Quality control office, Hostel, Seminar, Regional Dairy Laboratory inauguration on 24-25st.