Verdict | 'വാറന്റി കാലാവധിക്ക് മുമ്പ് കേടായിട്ടും ശരിയാക്കി നൽകിയില്ല'; 13,500 രൂപയുടെ റെഡ്‌മി ഫോൺ വാങ്ങിയ കാസർകോട്ടെ യുവാവിന് 33,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി
● കാസർകോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് വിധി.
● ഫോണിൽ നെറ്റ്‌വർക്ക് പ്രശ്‌നം ഉണ്ടായി
● നിരവധി തവണ ബന്ധപ്പെട്ടിട്ടും പ്രശ്‌നം പരിഹരിച്ചില്ലെന്നാണ് പരാതി
കാസർകോട്: (KasargodVartha) വാറന്റി കാലാവധിക്ക് മുമ്പ് തന്നെ ഫോൺ കേടായതിനെ തുടർന്ന് സർവീസിന് നൽകിയിട്ടും ശരിയാക്കി നൽകിയില്ലെന്ന പരാതിയിൽ റെഡ്‌മി കംപനിയും സർവീസ് സെന്ററും 33,500 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കാസർകോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചു.
റിയൽമി കംപനിയുടെ ഫോൺ ഇൻഡ്യയിൽ വിതരണം നടത്തുന്ന ആന്ധ്രാപ്രദേശിലെ റൈസിംഗ് സ്റ്റാർ മൊബൈൽ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ഷവോമി ടെക്‌നോളജി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് കസ്റ്റമർ കെയർ മാനേജർ, റെഡ്‌മിയുടെ അംഗീകൃത സർവീസ് സെന്ററായ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഗോൾഡൻ ആർകേഡിൽ പ്രവർത്തിക്കുന്ന ഐടി ടെകീസ് എന്നിവർ ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
13,500 രൂപ ഫോണിന്റെ വിലയും 15,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും അടക്കം 33,500 രൂപയാണ് പൊയിനാച്ചി തെക്കിലിലെ എം ബിനോജിന് നൽകേണ്ടത്. 2021 മാർച് മൂന്നിനാണ് ബിനോജ് 13,500 രൂപ നൽകി റെഡ്‌മി നോട് 9 പ്രോ ഫോൺ വാങ്ങിയത്. അഞ്ച് മാസങ്ങൾക്ക് ശേഷം നെറ്റ്‌വർക് പ്രശ്‌നവും സ്ക്രീൻ തകരാറും ഉണ്ടായി.
ഇതിനെ തുടർന്ന് സർവീസ് സെന്ററിൽ നൽകിയ ഫോൺ കേടായാണ് തിരിച്ചുകിട്ടിയതെന്നും പിന്നീട് നിരവധി തവണ ബന്ധപ്പെട്ടിട്ടും പ്രശ്‌നം പരിഹരിച്ചില്ലെന്നുമാണ് യുവാവ് പറയുന്നത്. തുടർന്നാണ് അഡ്വ. ടി സി നാരായണൻ മുഖേന ബിനോജ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിൽ പരാതി നൽകിയത്.
സർവീസ് സെന്റർ ജീവനക്കാരൻ അപമാനിച്ചതായും യുവാവ് പരാതിപ്പെട്ടിട്ടുണ്ട്. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് കെ കൃഷ്‌ണൻ, അംഗം കെ ജി ബീന എന്നിവരാണ് വിധി പ്രസ്താവം നടത്തിയത്.
#Redmi #Xiaomi #consumerrights #warranty #defect #compensation #Kasaragod #India