Strike | ചെങ്കല്ല് വ്യവസായ മേഖല അനിശ്ചിത കാല സമരത്തിലേക്ക്
കഴിഞ്ഞ വർഷം ക്വാറികള്‍ സംസ്ഥാനത്ത് ഉടനീളം ജോലി നിര്‍ത്തിവച്ച് സമരം ചെയ്തിരുന്നു.
കാസര്‍കോട്:(KasaragodVartha) വര്‍ഷങ്ങളോളമായി തുടരുന്ന ചെങ്കല്‍ ക്വാറിയുടെ പ്രശ്നങ്ങള്‍ക്ക് നാളിതു വരെയായി യാതൊരു പരിഹാരവും ഉണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച്
ചെങ്കല്ല് വ്യവസായ മേഖല അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് ചെങ്കല്‍ ക്വാറി ഉടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2023 ഫെബ്രുവരി ഒന്ന് മുതല്‍ ക്വാറികള്‍ സംസ്ഥാനത്ത് ഉടനീളം ജോലി നിര്‍ത്തിവച്ച് സമരം ചെയ്തിരുന്നു..
എന്നാല്‍ വ്യവസായ വകുപ്പ് മന്ത്രി സമരം നിര്‍ത്തി വെക്കാതെ യാതൊരു ചര്‍ച്ചയുമില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചിരുന്നു.
പിന്നീട് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചെങ്കല്‍ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന ജിയോളജി ഡയറക്ടര്‍മാരും, ജില്ല ജിയോളജിസ്റ്റ്മാരും, സംഘടനയിലെ രണ്ട് പേരെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ക്വാറികളില്‍ 13 ക്വാറികള്‍ക്ക് മാത്രമേ ലൈസന്‍സിനുള്ള അംഗീകാരം.. ലഭിച്ചിട്ടുള്ളൂ. അതും വര്‍ഷങ്ങളോളം കാലതാമസം എടുത്താണ് അംഗീകരം കിട്ടിയത്. മറ്റുള്ള ക്വാറികള്‍ക്ക് പട്ടയ ഭൂമിയുടെ പേര് പറഞ്ഞ് ലൈസന്‍സ് അനുവദിക്കാതെ പത്തും പതിനഞ്ചും ലക്ഷകണക്കിന് രൂപ പിഴയായി ചുമത്തുകയും ചെയ്യുന്നു.
2023 ഏപ്രില്‍ ഒന്നാം തീയതി പുറപ്പെടുവിച്ച ചട്ടത്തില്‍ 75000 രൂപയുണ്ടായിരുന്ന ലൈസന്‍സിന് 5,00000 രൂപയാക്കി മാറ്റി. എന്നിട്ട് ലൈസന്‍സ് അനുവദിക്കാത്ത ക്വാറികള്‍ക്ക് ഈ തുകയുടെ മൂന്നിരട്ടി പിഴ ചുമത്തി റവന്യൂ വരുമാനമുണ്ടാക്കുന്നു. സര്‍ക്കാറിന്റെ സമീപനം ഇനിയും ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ചെങ്കല്ല് മേഖല സംസ്ഥാനത്ത് ഉടനീളം നിര്‍ത്തിവച്ചാല്‍ 2000 ത്തോളം വരുന്ന തൊഴിലുടമകളും മേഖലയില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന അര ലക്ഷത്തോളം തൊഴിലാളികളും, ഡ്രൈവര്‍ മാരും ഇതിനെ ആശ്രയിച്ച് കഴിയുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളികളും പെരുവഴിയിലാകും.
ചെങ്കല്ല് മേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാത്തതിനാല്‍ ഈമാസം 22ന് സംസ്ഥാന വ്യാപകമായി സൂചനാ സമരം നടത്തുവാനും സംസ്ഥാനത്തെ കളക്ടറേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തുവാനും തുടര്‍ന്ന് 30ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുവാനും എന്നിട്ടും അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ 2024 ഓഗസ്റ്റ് അഞ്ച് മുതല്‍ സംസ്ഥാനത്താകെ അനിശ്ചിത കാല സമരം നടത്തുവാനും യോഗം തീരുമാനിച്ചു.
വാർത്താ സമ്മേളനത്തില്‍ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് നാരായണന്‍ കൊളത്തൂര്‍, ജില്ലാ പ്രസിഡഡന്റ് സുധാകര പൂജാരി, ജില്ലാ സെക്രട്ടറി ഹുസൈന്‍ ബേര്‍ക്ക,
കെ സുകുമാരന്‍ നായര്‍, ഹരീഷ ഷെട്ടി, റഫീഖ് കയ്യാര്‍ സംബന്ധിച്ചു.