city-gold-ad-for-blogger
Aster MIMS 10/10/2023

തിരഞ്ഞെടുപ്പ് ജയിച്ചാല്‍ പാളത്തൊപ്പി ധരിച്ചു കൊണ്ട് പാര്‍ലമെന്റില്‍ അടക്ക കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്ന് കെ പി എസ്

കാസര്‍കോട്: (www.kasargodvartha.com 26.03.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്റെ കാസര്‍കോട് മണ്ഡലത്തിലെ പര്യടനം ബെള്ളൂര്‍ കൊളത്തിലപ്പാറയില്‍ നിന്നാരംഭിച്ചു. ദളിത് വിഭാഗത്തില്‍പ്പെട്ട ചെന്നനും കുച്ചെയും സതീഷ്ചന്ദ്രന്റെ ശിരസില്‍ പാളത്തൊപ്പി വച്ച് ആശിര്‍വദിച്ചത് ഈ നാട് നേരിടുന്ന പ്രശ്‌നങ്ങളുടെ പ്രതീകമായി. അടക്കാ കര്‍ഷകരും കവുങ്ങിന്‍തോട്ടങ്ങളിലെ തൊഴിലാളികളും ബഹുഭൂരിപക്ഷമായ പഞ്ചായത്തുകളില്‍ ഈ മേഖല പ്രതിസന്ധിയിലാണ്. ആ പാളത്തൊപ്പി അഴിച്ചുവയ്ക്കാന്‍ മുതിരാതെ സതീഷ്ചന്ദ്രന്‍ അടക്കാകൃഷി അഭിമുഖീകരിക്കുമെന്ന വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കി. ടി ഗോവിന്ദന് താന്‍ കത്തിയും പാളത്തൊപ്പിയും നല്‍കിയത് ചെന്നന്‍ സ്ഥാനാര്‍ഥിയോട് വ്യക്തമാക്കാനും മറന്നില്ല.
തിരഞ്ഞെടുപ്പ് ജയിച്ചാല്‍ പാളത്തൊപ്പി ധരിച്ചു കൊണ്ട് പാര്‍ലമെന്റില്‍ അടക്ക കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്ന് കെ പി എസ്

നെട്ടണിഗെ ശിവക്ഷേത്രത്തിലെ മുഖ്യട്രസ്റ്റി ദാമോദരയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചാണ് സ്ഥാനാര്‍ഥി ചൊവ്വാഴ്ച കാസര്‍കോട് മണ്ഡലത്തിലെ പര്യടനത്തിനിറങ്ങിയത്. പണിക്ക് പോകുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്തുനില്‍ക്കുകയാണ് ബെളിഞ്ചയില്‍ സ്്ത്രീകള്‍ ഉള്‍പ്പെടെ. ജൈനപാരമ്പര്യത്തിന്റെ സ്മരണ നിറഞ്ഞ ബസ്തിയില്‍ ജാതിവെറിയോട് പുരോഗമന പക്ഷം ചേര്‍ന്ന് പൊരുതി നടപ്പാതയുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചതിലൂടെ ശ്രദ്ധേയായ നീലയാണ് സ്ഥാനാര്‍ത്ഥിക്ക് പൂച്ചെണ്ട് നല്‍കിയത്. കൃഷ്ണപിള്ളയും എ വിയും ഉള്‍പ്പെടെ കമ്യൂണിസ്റ്റ് നേതാക്കള്‍ നയിച്ച കാടകം വനസത്യഗ്രഹത്തിന്റെ സ്മരണയിരമ്പുന്ന കാടകം പതിമൂന്നാംമൈലില്‍ നാടിന്റെ പാരമ്പര്യം പ്രതിഫലിക്കുന്ന ആള്‍ക്കൂട്ടമാണ്.

കേന്ദ്രസര്‍ക്കാരിനെ ഇഴകീറി വിമര്‍ശിച്ച് സി ഐ ടി യു നേതാവ് ടി കെ രാജന്റെ ഉജ്വലപ്രസംഗം പുരോഗമിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെത്തി. രക്തഹാരങ്ങള്‍ ഊരിമാറ്റി ആളുകളെ പേരെടുത്ത് വിളിച്ച് വോട്ടഭ്യര്‍ത്ഥന. തുടര്‍ന്ന് ബി ജെ പി കേന്ദ്രമായ മുള്ളേരിയയിലേക്ക്. സി ജെ സജിത് ഉള്‍പെടെയുള്ള നേതാക്കളുടെ പ്രസംഗം ശ്രദ്ധിക്കുന്ന ആള്‍ക്കൂട്ടം കൊന്നപ്പൂക്കളും പ്ലക്കാര്‍ഡുമായാണ് വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്നത്. നാടിന്റെ മാറ്റമാകെ അവിടെ ഒരുമിച്ച ജനങ്ങളുടെ മുഖത്ത് വായിക്കാം. മോഡി സര്‍ക്കാരിന്റെ ദ്രോഹനടപടികള്‍ക്ക് തിരിച്ചടി കൊടുക്കാന്‍ നേരമായെന്ന സന്ദേശം പ്രകടം.

ബീഡിത്തൊഴിലാളികളുടെ കേന്ദ്രമായ മാര്‍പ്പനടുക്കയില്‍ കൂറ്റന്‍ തണല്‍മരത്തിന്റെ മുകളില്‍ ചെഗുവേരയുടെ ചിത്രമുള്ള ചെമ്പതാക കെട്ടിയിട്ടുണ്ട്. അതിന് കീഴെ പനിനീര്‍പൂക്കളുമായാണ് വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്നത്. നാരമ്പാടിയിലും വിദ്യാഗിരിയിലുമുണ്ട് തീവെയിലിലും മോശമല്ലാത്ത ആള്‍ക്കൂട്ടം. ന്യൂനപക്ഷങ്ങളുടെ കേന്ദ്രമായ ബദിയടുക്കയില്‍ സ്ഥാനാര്‍ത്ഥിയെത്തിയപ്പോള്‍ ഉച്ചവെയിലിനേക്കാള്‍ തിളയ്ക്കുന്ന ആവേശം. എ കെ ജി, രാമണ്ണറൈ, ടി ഗോവിന്ദന്‍, പി കരുണാകരന്‍ എന്നിവരുടെ പ്രവര്‍ത്തനം ഓര്‍മിപ്പിച്ച് ലഘുപ്രസംഗം. തുടര്‍ന്ന് തുറന്ന ജീപ്പില്‍ സ്ഥാനാര്‍ത്ഥിയെ കയറ്റി ആവേശകരമായ റോഡ്‌ഷോ. അതൃകുഴി, നീര്‍ച്ചാല്‍, പട്‌ള, ഉളിയത്തടുക്ക, കുഡ്ലു എന്നിവിടങ്ങളിലും വരവേല്‍ക്കാനെത്തുന്നവരില്‍നിന്ന് വര്‍ഗീയരാഷ്ട്രീയത്തോട് വിടപറയുന്നവരുടെ മാറ്റമാണ് പ്രതിഫലിക്കുന്നത്. മൊഗ്രാല്‍പുത്തൂര്‍ മുതല്‍ തീരപ്രദേശങ്ങളിലൂടെയാണ് മധ്യാഹ്നത്തിലെ പര്യടനം.
തിരഞ്ഞെടുപ്പ് ജയിച്ചാല്‍ പാളത്തൊപ്പി ധരിച്ചു കൊണ്ട് പാര്‍ലമെന്റില്‍ അടക്ക കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്ന് കെ പി എസ്

സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസപദ്ധതികളിലൂടെ വീടും സഹായങ്ങളും ലഭിച്ച കേരളത്തിന്റെ രക്ഷാസൈന്യമാണ് ഇടതുപക്ഷത്തിന്റെ പടനായകനെ കാത്തിരിക്കുന്നത്. എരിയാല്‍, കടപ്പുറം എന്നിവിടങ്ങള്‍ പിന്നിട്ട് ന്യൂനപക്ഷ കേന്ദ്രമായ തളങ്കരയിലെത്തിയപ്പോള്‍ ആ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത വരവേല്‍പ്പ്. ചുവന്നകൊടി ഉയര്‍ത്താന്‍ സമ്മതിക്കാത്ത ഹരിതരാഷ്ട്രീയത്തിന്റെ ഇടനെഞ്ചില്‍ വിരിഞ്ഞ ചുവപ്പിന്റെ നിറവ്. ഇടതുപക്ഷത്തിന്റെ പരമ്പരാഗത കേന്ദ്രമായ ചെന്നിക്കരയിലും ആവേശ സ്വീകരണം. ബെദിരയിലും നായന്മാര്‍മൂലയിലും ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ എങ്ങനെ കാണുന്നുവെന്നതിന്റെ സാക്ഷ്യമായിരുന്നു വരവേല്‍പ്പ്. മണ്ഡലത്തില്‍ രണ്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ അനുവദിപ്പിച്ച പി കരുണാകരന്‍ എം പിയുടെ ഇടപെടല്‍ അവിടെയുള്ളവര്‍ തുറന്നുസമ്മതിക്കുന്നു. ആലംപാടിയും കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനത്തിന്റെ കേന്ദ്രമായ പാടിയും പിന്നിട്ട് ചരിത്രമൊഴുകിയ ചന്ദ്രഗിരിപ്പുഴയോരത്തെ ബേവിഞ്ചയില്‍ സമാപനം നടക്കുമ്പോള്‍ രാത്രിയിലും കെടാത്ത ആവേശത്തിന്റെ അലയടി.

സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു, എല്‍ ഡി എഫ് മണ്ഡലം സെക്രട്ടറി സിജി മാത്യു, ടി കെ രാജന്‍, എം സുമതി, കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, സി ജെ സജിത്, കെ ശങ്കരന്‍, ടി കൃഷ്ണന്‍, സുരേഷ്ബാബു, ബി എം കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍, എം എ ലത്വീഫ്, അസീസ് കടപ്പുറം, പി രാമചന്ദ്രന്‍ നായര്‍, എം അനന്തന്‍ നമ്പ്യാര്‍, ഹാരിസ് ബേഡി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Reception for KPS in Belloor, Kasaragod, Election, News, K.P. Satheesh Chandran.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL