city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ റേഷന്‍ വിതരണം സാധാരണ സ്ഥിതിയിലായി


കാസര്‍കോട്: ജില്ലയില്‍ റേഷന്‍ സാധനങ്ങളുടെ  വിതരണം സാധാരണ സ്ഥിതിയിലായതായി ജില്ലാ വികസന സമിതി യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. റേഷന്‍ വിതരണം തടസ്സമില്ലാതെ തുടരാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം എഫ്.സി.ഐ തൊഴിലാളി തര്‍ക്കവും, അരിയുമായി  ട്രെയിന്‍ വാഗണുകള്‍ വൈകിയെത്തിയതുമൂലമുണ്ടായ പ്രശ്നങ്ങളുമാണ് റേഷന്‍ വിതരണത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാക്കിയത്.

ഇ-മണല്‍ സംവിധാനം മൂലം അനധികൃതമായ മണല്‍ ഖനനം ചെയ്യുന്നത് തടയാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി. ഇതോടെ പുഴ സംരക്ഷണം ഉറപ്പാക്കാനും കഴിഞ്ഞു. സ്വകാര്യ വ്യക്തികള്‍ക്ക് മണല്‍ നല്‍കുന്നതിനു പുറമെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കൂടി മണല്‍ ലഭ്യമാക്കുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അറിയിച്ചു. അനധികൃതമായി പിടിച്ചെടുത്തിട്ടുള്ള മണല്‍ ഉടന്‍ തന്നെ ഇത്തരം പദ്ധതികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി എടുക്കും. കൂടാതെ എസ്റിമേറ്റും മറ്റ് രേഖകളും ഹാജരാക്കിയാല്‍ സര്‍ക്കാറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ആവശ്യമായ മണലിനുള്ള പെര്‍മിറ്റും ലഭ്യമാക്കും. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തടസ്സം കൂടാതെ നടപ്പാക്കാന്‍ ആവശ്യമായ മണല്‍ നല്‍കും.

വൈദ്യുതി അപകടങ്ങള്‍ തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വൈദ്യുതി സുരക്ഷയെ ക്കുറിച്ച് പരിശീലനം നല്‍കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അപകടാവസ്ഥയിലുള്ള മായിപ്പാടി പാലം അടച്ചതുമൂലം ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ബസ്സുകള്‍ റോഡിന്റെ ഇരുവശവും നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും തുടര്‍ന്ന് ബസ്സ് പാലം കടന്ന ശേഷം യാത്രക്കാര്‍ കാല്‍നടയായി മറുകരയില്‍ എത്തി ബസ്സ് കയറണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം കര്‍ക്കശമായി പാലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി പോലീസിന്റെ സഹായവും തേടും.

കാസര്‍കോട് ബീരന്ത്ബയലില്‍ സുനാമി പുനരധിവാസ പദ്ധതികളനുസരിച്ച് 76 കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച ഫ്ളാറ്റിലെ ഡ്രൈനേജ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും. ഇതിനായി എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ജൂണ്‍ നാലിന് മുനിസിപ്പാലിറ്റി, ഹൌസിംഗ് ബോര്‍ഡ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പരിഹാരം കണ്ടെത്തും. ബീരന്ത്ബയലില്‍ 5.6 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സബ്സ്റേഷന്‍ നിര്‍മ്മാണ പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും.

എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ ആര്‍.ഐ.ഡി.എഫ് പദ്ധതികളനുസരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കും. ചില വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് പദ്ധതി നടപ്പാക്കാന്‍ പൊസെഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സബ് കളക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പ്ളാനിംഗ് ഓഫീസര്‍ കെ.ജയ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Ration distribution, Normal, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia