Issue | റേഷൻ കടകളിൽ രാത്രി വൈകിയും മസ്റ്ററിംഗിനായി കാത്തുനിന്ന് കാർഡ് ഉടമകൾ; സമയം നീട്ടി നൽകണമെന്ന് ആവശ്യം
● സ്കൂൾ കുട്ടികളുൾപ്പെടെയുള്ളവർക്ക് മസ്റ്ററിംഗിന് ഹാജരാകേണ്ടത് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
● മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നു.
മൊഗ്രാൽ: (KasargodVartha) മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ നിശ്ചയിച്ച സമയം (ഒക്ടോബർ 8) അവസാനികുന്നതോടെ, പല റേഷൻ കടകളിലും രാത്രി വൈകിയും നീണ്ട ക്യൂ ആണ് രൂപപ്പെട്ടത്. സ്കൂൾ കുട്ടികളുൾപ്പെടെയുള്ളവർക്ക് മസ്റ്ററിംഗിന് ഹാജരാകേണ്ടത് ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഒന്നു മുതൽ അഞ്ചു വയസ്സുവരെ കാലയളവിൽ ഉണ്ടാക്കിയ ആധാർ കാർഡുകൾ വിദ്യാർത്ഥികൾക്ക് മസ്റ്ററിഗിനായി ഉപയോഗപ്പെടുത്താൻ കഴിയാത്തതും, അവരുടെ ആധാർ കാർഡുകൾ പുതുക്കി നൽകേണ്ടി വരുന്നതും ദുരിതത്തിന് കാരണമായിട്ടുണ്ട്. മസ്റ്ററിംഗിനായി വീട്ടമ്മമാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നതിലും പലർക്കും അതൃപ്തിയുണ്ട്.
ചെറിയ, ചെറിയ നൂലാമാലകളിൽ കടുപിടുത്തം പാടില്ലെന്ന് ഭക്ഷ്യവകുപ്പ് പറയുമ്പോഴും അത് അംഗീകരിക്കാൻ റേഷൻ കട ഉടമകൾക്ക് കഴിയുന്നുമില്ല. മുൻഗണന റേഷൻ കാർഡുകൾ ഇനിയും ബാക്കിനിൽക്കെ ചൊവ്വാഴ്ച മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് റേഷൻ ഉടമകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ റേഷൻ മസ്റ്ററിംഗിനുള്ള സമയം നീട്ടി നൽകണമെന്നാണ് കാർഡുടമകളുടെയും റേഷൻ കട ഉടമകളുടെയും ആവശ്യം.
#rationcard #Kerala #update #deadline #delay #queue