Rare Butterfly | മൊഗ്രാലിൽ വിരുന്നുവന്ന് അപൂർവ ഇനം ചിത്രശലഭം
● ചുമരിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന പ്രത്യേക ഇനം ചിത്രശലഭമായിരുന്നു ഇത്.
● ഒറ്റനോട്ടത്തിൽ ഒരു വാഴയിലയെ ചിത്രശലഭത്തിന്റെ രൂപാകൃതിയിലാക്കി മുറിച്ചെടുത്ത് കണ്ണുകളുടെ സ്ഥാനത്ത് രണ്ട് നേരിയ വടിക്കഷ്ണങ്ങൾ വെച്ചതുപോലെയായിരുന്നു ഈ അപൂർവയിനം ചിത്രശലഭം.
മൊഗ്രാൽ: (KasargodVartha) കണ്ടത്തിൽ പള്ളി ചുമരിൽ അപൂർവയിനം ചിത്രശലഭത്തെ കണ്ടെത്തിയത് ശ്രദ്ധേയമായി. മൊഗ്രാലിലെ യുവ വ്യാപാരി സാറ മാർട്ട് ഉടമ ബികെ സിദ്ദീഖ് പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് ഒരു അതിഥിയെ പള്ളി ചുമരിൽ കണ്ടത്. ചുമരിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന പ്രത്യേക ഇനം ചിത്രശലഭമായിരുന്നു ഇത്.
ഒരുപാട് ചിത്രശലഭങ്ങൾ അങ്ങിങ്ങളായി പാറി നടക്കുമ്പോൾ ഇതും അതിന്റെ ഒരു ഭാഗമാണെന്ന് കരുതി സിദ്ദീഖ് ആദ്യം അത്ര ശ്രദ്ധിച്ചില്ല. കുറേനേരം ചുമരിൽ തന്നെ ഒട്ടി നിൽക്കുന്നത് കണ്ട് സിദ്ദീഖ് അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് നേരത്തെ ഒന്നും കാണാത്ത രൂപത്തിലുള്ള അതിമനോഹരമായ വേറിട്ടൊരു ചിത്രശലഭമാണെന്ന് മനസ്സിലാക്കുന്നത്.
'വളർത്താനൊന്നും പറ്റില്ലല്ലോ, കുറെ നേരം അതിന്റെ ഭംഗി ആസ്വദിച്ചു, പിന്നെ ഒരു വടിക്കഷ്ണം കൊണ്ട് അനക്കി നോക്കി. അപ്പോഴേക്കും അത് ചിറക് വിടർത്തി പാറി മറിഞ്ഞു, എവിടേക്കെന്നറിയാതെ', സിദ്ദീഖ് പറയുന്നു. ഒറ്റനോട്ടത്തിൽ ഒരു വാഴയിലയെ ചിത്രശലഭത്തിന്റെ രൂപാകൃതിയിലാക്കി മുറിച്ചെടുത്ത് കണ്ണുകളുടെ സ്ഥാനത്ത് രണ്ട് നേരിയ വടിക്കഷ്ണങ്ങൾ വെച്ചതുപോലെയായിരുന്നു ഈ അപൂർവയിനം ചിത്രശലഭം.
ഇത് കാണാൻ സുഹൃത്തുക്കളോട് വരാൻ പറയാനുള്ള സമയം ചിത്രശലഭം നൽകിയില്ല. വിവരം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അത് നിന്നെ മാത്രം തേടിയെത്തിയതാണെന്നായിരുന്നു സുഹൃത്തുക്കളുടെ കമന്റ്. ഈ അപൂർവ ചിത്രശലഭത്തിന്റെ ചിത്രം ഇപ്പോൾ ശ്രദ്ധ നേടുന്നു.
#RareButterfly #Mogral #WildlifeDiscovery #KeralaNature #UncommonSpecies #Butterfly