city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപൂര്‍വമായ ശവസംസ്‌കാരം; ഗോപാലന്‍ മൂത്തച്ഛന് ചിതയൊരുക്കിയത് കളരി പരമ്പര ദൈവങ്ങളുടെ ക്ഷേത്ര മുറ്റത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/03/2016) നോര്‍ത്ത് കോട്ടച്ചേരിയിലെ തുളിച്ചേരിയില്‍ അപൂര്‍വമായ ഒരു ശവസംസ്‌കാരം നടന്നു. കളരി പരമ്പര ദൈവങ്ങള്‍ വാഴുന്ന തുളിച്ചേരി കുമ്മണാര്‍ കളരിയില്‍ ക്ഷേത്രത്തിലെ മൂത്തച്ഛന്‍ എന്ന് വിളിക്കുന്ന കാനത്തിലെ ഗോപാലന്‍ ഗുരുക്കള്‍ക്ക് (88) ചിതയൊരുക്കിയത് ക്ഷേത്ര മുറ്റത്ത്.

കളരിയിലെ ആചാര പ്രകാരമുള്ള ശവ സംസ്‌കാര ചടങ്ങാണ് നടന്നത്. കാലം മാറിയെങ്കിലും ആചാര ക്രമങ്ങളിലെ തീവ്രതയായിരുന്നു ഈ ശവ സംസ്‌കാര ചടങ്ങില്‍ പ്രകടമായത്. ചൊവ്വാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ മരണപ്പെട്ട ഗോപാലന്‍ ഗുരുക്കളച്ഛന്‍ യാദവ സമുദായത്തില്‍പെട്ടവരുടെ നിയന്ത്രണത്തിലുള്ള ഈ കളരിയിലെ മൂത്ത ഗുരുക്കളായിരുന്നു. ശവ സംസ്‌കാരത്തിന് വിചിത്രമായ ഒട്ടനവധി പ്രത്യേകതകളുണ്ട്.

ആചാര പ്രകാരം മരണം സ്ഥിരീകരിക്കുന്നതിന് ചില ചടങ്ങുകളുണ്ട്. ഗോപാലന്‍ ഗുരുക്കളച്ഛന്റെ മൃതദേഹം രാവിലെ പത്തര മണിയോടെ കുമ്മണാര്‍ കളരിയിലേക്ക് കൊണ്ടുവന്ന് പടിഞ്ഞാറ്റയില്‍ കിഴക്ക് പടിഞ്ഞാറായി കിടത്തി. ഹിന്ദു ആചാര പ്രകാരം മൃതദേഹം കിടത്തേണ്ടുന്നത് തെക്ക്- വടക്കായിട്ടാണ്. മൃതദേഹം എത്തിച്ചതിന് ശേഷം ബന്ധുക്കള്‍ പാറക്കാടന്‍ കുറുപ്പിനെയും പടിഞ്ഞാറന്‍ കുറുപ്പിനെയും വിവരം അറിയിച്ചു.

ഈ രണ്ട് ആചാരക്കാരും കളരിയിലെത്തി പടിഞ്ഞാറ്റയില്‍ കിടത്തിയ മൂത്ത കളരി ഗുരുക്കളെ, മൂത്തച്ഛാ എന്ന് മൂന്ന് പ്രാവശ്യം വിളിച്ചു. പിന്നീടിവര്‍ പടിഞ്ഞാറ്റയില്‍ നിന്ന് പുറത്തിറങ്ങി മൂത്തച്ഛന്‍ പോയേ എന്ന് വിളിച്ചു പറഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്.

ശവസംസ്‌കാരം ക്ഷേത്ര മുറ്റത്ത് തന്നെ നടത്തണമെന്നാണ് ആചാരം. കളരി ക്ഷേത്രത്തിന് തൊട്ടടുത്ത് ചിതയൊരുക്കി ഗുരുക്കളച്ഛന്റെ മൃതദേഹം ഉച്ചയോടെ സംസ്‌കരിക്കുകയായിരുന്നു. മൂത്ത മകന്‍ ചിതക്ക് തീ കൊളുത്തി. കളരി പാരമ്പര്യമുള്ള ഇടമാണ് കുമ്മണാര്‍ കളരി. ഇവിടെ വര്‍ഷം തോറും കളിയാട്ട മഹോത്സവം നടക്കാറുണ്ട്. സംക്രമ ദിനങ്ങളില്‍ വ്യത്യസ്തമായ ചടങ്ങുകളും നടത്താറുണ്ട്. കുലദേവത എന്ന് കരുതുന്ന കമ്മാടത്ത് ഭഗവതി, കുണ്ടാര്‍ ചാമുണ്ഡി തുടങ്ങി തെയ്യക്കോലങ്ങളാണ് ഇവിടെ കെട്ടിയാടാറുള്ളത്.

തമ്പായിയാണ് ഗോപാലന്‍ ഗുരുക്കളച്ഛന്റെ ഭാര്യ. മക്കള്‍: മാധവന്‍, സുകുമാരന്‍, ഉണ്ണികൃഷ്ണന്‍, ജനാര്‍ദ്ദനന്‍, ശ്രീധരന്‍, സുധാകരന്‍. മരുമക്കള്‍: പുഷ്പ, വിശാലിനി, മിനി, നിഷ, പ്രസി, ഹൈമാവതി. എംഎല്‍എമാരായ കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, നഗരസഭാ ചെയര്‍മാന്‍മാരായ കെ.പി ജയരാജന്‍, വി.വി രമേശന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍, പഞ്ചായത്തംഗം എം.വി രാഘവന്‍, ഏ.കെ നാരായണന്‍, മടിക്കൈ കമ്മാരന്‍, പി. അപ്പുക്കുട്ടന്‍, കെ. വേണുഗാപാലന്‍ നമ്പ്യാര്‍, ഏ. വേലായുധന്‍, രാധാകൃഷ്ണന്‍ നരിക്കോട്, ശ്രീധരന്‍ കാരാക്കോട്, വയലപ്രം നാരായണന്‍, പി.വി. സുരേഷ്, എം. തമ്പാന്‍, ശിവജി വെള്ളിക്കോത്ത്, ഏ.വി. സഞ്ജയന്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട നൂറുകണക്കിനാളുകള്‍ കുമ്മണാര്‍ കളരിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

അപൂര്‍വമായ ശവസംസ്‌കാരം; ഗോപാലന്‍ മൂത്തച്ഛന് ചിതയൊരുക്കിയത് കളരി പരമ്പര ദൈവങ്ങളുടെ ക്ഷേത്ര മുറ്റത്ത്

Keywords : Kanhangad, Death, Temple, Kasaragod, Gopalan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia