city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രഞ്ജിത്തിനെ കാസര്‍കോട് DYSP യായി നിയമിച്ചേക്കും; സതീഷിനെ നീലേശ്വരം CI ആക്കും

കാസര്‍കോട്: സ്ഥലംമാറ്റപ്പെട്ട കുമ്പള സി.ഐ. ടി.പി. രഞ്ജിത്തിനെ പ്രമോഷന്‍ നല്‍കി കാസര്‍കോട് ഡി.വൈ.എസ്.പിയായി നിയമിച്ചേക്കും. ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിനെ നീലേശ്വരത്തോ കുമ്പളയിലോ സി.ഐയായി നിയമിക്കാനും സാധ്യതയുണ്ട്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റാണ് ടി.പി. രഞ്ജിത്ത്. അസോസിയേഷന്‍ അംഗമാണ് സതീഷ് കുമാര്‍.

ഇരുവരെയും ചൊവ്വാഴ്ച വൈകിട്ടാണ് സ്ഥലമാറ്റിക്കൊണ്ടുള്ള ഉത്തരവ് കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് ലഭിച്ചത്. രഞ്ജിത്തിനോടും സതീഷിനോടും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഡി.വൈ.എസ്.പിയായി പ്രമോഷന്‍ ലഭിക്കേണ്ട ടി.പി. രഞ്ജിത്തിനെ കാസര്‍കോട് ഡി.വൈ.എസ്.പിയായി നിയമിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിവരുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച മഞ്ചേശ്വരം കുഞ്ചത്തൂരില്‍ വെച്ച് സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനും മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.സി. ഖമറുദ്ദീന്റെ ഔദ്യോഗിക വാഹനം പരിശോധിച്ച് അപമാനിച്ചതിന്റെ പേരില്‍ സി.ഐ ടി.പി. രഞ്ജിത്തിനെതിരെ എം.സി. ഖമറുദ്ദീന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു.

ഒരു മാസം മുമ്പ് തന്നെ ടി.പി. രഞ്ജിത്തിനെയും സതീഷ് കുമാറിനെയും സ്ഥലം മാറ്റിയിരുന്നെങ്കിലും ജില്ലാ പോലീസ് അസോസിയേഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് സ്ഥലം മാറ്റം മരവിപ്പിച്ചിരുന്നു. എം.സി. ഖമറുദ്ദീന്റെ വാഹനം പരിശോധിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് മരവിപ്പിച്ച സ്ഥലമാറ്റ ലിസ്റ്റ് വീണ്ടും ആഭ്യന്തരവകുപ്പ് പൊടിതട്ടിയെടുത്തത്. ഭരണാനുകൂല പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ ടി.പി. രഞ്ജിത്തിനെതിരെ ശക്തമായ ഒരു നടപടി ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹത്തിന് പ്രമോഷന്‍ നല്‍കി ഉയര്‍ന്ന പദവി നല്‍കുമെന്നുമാണ് അറിയുന്നത്.

കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നനിലയില്‍ എം.സി. ഖമറുദ്ദീന് സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക വാഹനം രണ്ട് തവണ പോലീസ് കുഞ്ചത്തൂരിലും മഞ്ചേശ്വേരത്തുമായി തടഞ്ഞുവെച്ച് പരിശോധിച്ചിരുന്നു. മംഗലാപുരത്തെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ രാവിലെ 10.15 മണിയോടെയാണ് എം.സി. ഖമറുദ്ദീന്റെ വാഹനം അതിര്‍ത്തി കടന്നു പോയത്. മംഗലാപുരത്തെ ഒരു ഹാളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത് ഉച്ചയ്ക്ക് 12.45 മണിയോടെ കാര്‍ കാസര്‍കോട്ടേക്ക് തിരിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കുഞ്ചത്തൂരില്‍ വെച്ച് മൂന്ന് പോലീസുകാര്‍ ഖമറുദ്ദീന്റെ കാര്‍ തടഞ്ഞ് പരിശോധനയ്ക്ക് മുതിര്‍ന്നത്.

എം.സി. ഖമറുദ്ദീനാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്താതെ വാഹനത്തെ പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഒരു കിലോ മീറ്റര്‍ പിന്നിടുന്നതിന് മുമ്പ് തന്നെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. രാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാറിനെ പിന്തുടര്‍ന്ന് വന്ന് വീണ്ടും കാര്‍ തടഞ്ഞ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കാര്‍ പരിശോധിക്കാന്‍ എം.സി ഖമറുദ്ദീന്‍ സമ്മതം നല്‍കുകയും കാര്‍ പരിശോധിച്ച പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രഞ്ജിത്തിനെ കാസര്‍കോട് DYSP യായി നിയമിച്ചേക്കും; സതീഷിനെ നീലേശ്വരം CI ആക്കും
T.P. Ranjith
ഇതിനിടയില്‍ സി.ഐ. രഞ്ജിത്തിന്റെ ഫോണ്‍ വന്നപ്പോള്‍ പോലീസുകാര്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്ത വിവരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ എം.സി. ഖമറുദ്ദീന് നല്‍കാന്‍ സി.ഐ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി.ഐയോട് ഫോണില്‍ സംസാരിക്കാന്‍ എംസി. ഖമറുദ്ദീന്‍ കൂട്ടാക്കിയില്ല. സര്‍ക്കാര്‍ വാഹനം പരിശോധിക്കുന്നതില്‍ ചില നിബന്ധനകളും നടപടിക്രമങ്ങളും ഉണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ഏതാനും പോലീസുകാര്‍ തന്റെ കാര്‍ പരിശോധിച്ചതെന്നും പൊതുജന മധ്യത്തില്‍ തന്നെ പരിശോധനയുടെ പേരില്‍ അപമാനിക്കുകയായിരുന്നുവെന്നുമാണ് എം.സി.ഖമറുദ്ദീന്റെ പരാതി.

എന്നാല്‍ വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ പരിശോധിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. സര്‍ക്കാര്‍ ബോര്‍ഡ് വെച്ച കാറില്‍ സ്വര്‍ണം കടത്തികൊണ്ടുവരുന്നുവെന്ന രഹസ്യ വിവരമാണ് പോലീസിന് ലഭിച്ചതെന്നാണ് സൂചന. സര്‍ക്കാറിന്റ കീഴിലുള്ള ഒരു വാഹനം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധിക്കേണ്ടതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല അടുപ്പം പുലര്‍ത്തുന്ന സി.ഐ രഞ്ജിത്ത് മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വാഹനം പരിശോധിച്ചതെന്നും പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. കുമ്പളയിലും ആദൂരിലും പകരം സി.ഐമാരെ നിയമിച്ചിട്ടില്ല.

Keywords: T.P. Ranjith, CI, Promotion, Manjeshwaram, Kunjathur, M.C. Khamarudheen, Vehicle, Checking, Transfer, DYSP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia