city-gold-ad-for-blogger

സ്റ്റോപ്പ് മെമ്മോ മറികടന്ന് റാണിപുരം അഡ്വഞ്ചർ പാർക്ക് പ്രവർത്തിച്ചോ? സിപ്പ്‌ലൈൻ അപകടത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം; സനൂപിന് ഉപകരണങ്ങൾ നൽകിയില്ലെന്നും റിപ്പോർട്ട്

Representational image reflecting Ranipuram Adventure Park and zipline accident reporting context
Photo: Special Arrangement

● വനിതാ സഞ്ചാരി സനൂപിന്റെ ഷർട്ടിൽ പിടിച്ചതിനെ തുടർന്ന് ബാലൻസ് നഷ്ടപ്പെടുകയും കേബിളിൽ തൂങ്ങി താഴേക്ക് വീഴുകയുമായിരുന്നു
● അഞ്ച് മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ പാർക്കിൽ ഗ്ലാസ് ബ്രിഡ്ജിന് പുറമെ സിപ്പ്‌ലൈൻ ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങൾ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു
● അപകടത്തിന്റെ കാരണം സംബന്ധിച്ച് രാജപുരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
● സാങ്കേതിക സുരക്ഷ, പരിശീലനം, ജീവനക്കാരുടെ സുരക്ഷാ ഉപകരണങ്ങൾ, പഞ്ചായത്ത് അനുമതികൾ എന്നിവ പൊലീസ് പരിശോധിക്കും

രാജപുരം: (KasargodVartha) റാണിപുരം അഡ്വഞ്ചർ പാർക്കിലെ സിപ്പ്‌ലൈൻ അപകടത്തിൽ യുവ ഓപ്പറേറ്റർ മരിച്ചതിന് പിന്നാലെ പാർക്കിൻ്റെ സുരക്ഷാ ക്രമീകരണങ്ങളും അനുമതികളും സംബന്ധിച്ച് ഗുരുതര ചോദ്യങ്ങൾ ഉയരുന്നു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് മാസം മുൻപ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നതായും, തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെന്നും ചാമുണ്ഡിക്കുന്ന് വാർഡ് അംഗം കെകെ വേണുഗോപാൽ പറഞ്ഞു. 

എന്നാൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പാർക്ക് പ്രവർത്തനം തുടർന്നോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

സഞ്ചാരി ഷർട്ടിൽ പിടിച്ചു; 300 മീറ്റർ തൂങ്ങിക്കിടന്നു

ശനിയാഴ്ച (സെപ്റ്റംബർ 5) വൈകിട്ടുണ്ടായ അപകടത്തിലാണ് പാർക്കിലെ സിപ്പ്‌ലൈൻ ഓപ്പറേറ്ററായ പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) മരിച്ചത്. വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് 1 ദിവസം പിന്നിടുന്നതിനിടെയായിരുന്നു അപകടം. അപകടസമയത്ത് സനൂപ് സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നില്ലെന്നാണ് പാർക്ക് അധികൃതർ അറിയിച്ചതായി വാർഡ് അംഗം പറയുന്നത്. 

ഒരു വനിതാ സഞ്ചാരിയെ സിപ്പ്‌ലൈൻ യാത്രയ്ക്ക് സഹായിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. യാത്രയ്ക്കിടെ വനിത സനൂപിൻ്റെ ഷർട്ടിൽ പിടിച്ചതിനെ തുടർന്ന് ബാലൻസ് നഷ്ടപ്പെട്ടതായും, തുടർന്ന് സിപ്പ്‌ലൈൻ കേബിളിൽ പിടിച്ചുതൂങ്ങിയ ശേഷം ഇരുവരും ഏകദേശം 300 മീറ്ററോളം സഞ്ചരിച്ചശേഷം സനൂപ് താഴേക്ക് വീണതായുമാണ് കെ കെ വേണുഗോപാൽ വ്യക്തമാക്കുന്നത്.

അനുമതികളിലെ അവ്യക്തത

പരാതി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയതായി അറിയിച്ചിരുന്നുവെന്നാണ് വേണുഗോപാൽ പറയുന്നത്. എന്നാൽ ഇതിന് ശേഷവും പാർക്ക് പ്രവർത്തിച്ചത് എങ്ങനെയെന്നതും, തുടർന്നും പ്രവർത്തിക്കാൻ ഏതെങ്കിലും തരത്തിലുള്ള അനുമതി ലഭിച്ചിരുന്നോ എന്നതും അന്വേഷണത്തിൽ വ്യക്തമാകേണ്ടതുണ്ട്. പാർക്ക് നടത്തിപ്പുകാർ ഓൺലൈനായി അനുമതി നേടിയിട്ടുണ്ടെന്നും മറ്റ് ആവശ്യമായ അനുമതികൾ പിന്നീട് നേടാനാകുമെന്നുമാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

റാണിപുരം അഡ്വഞ്ചർ പാർക്ക് പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ. ആദ്യം ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് സിപ്പ്‌ലൈൻ ഉൾപ്പെടെയുള്ള കൂടുതൽ സാഹസിക വിനോദ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ജോലികളും ഇവിടെ നടന്നുവരികയായിരുന്നു. അതിനിടെ, പാർക്ക് ഉടമ വിൻസൻ്റ് അഗസ്റ്റിനെ ബന്ധപ്പെട്ടെങ്കിലും പിന്നീട് തിരിച്ചുവിളിക്കാമെന്ന് അറിയിച്ച് അദ്ദേഹം ഫോൺ സംഭാഷണം അവസാനിപ്പിച്ചു. അദ്ദേഹത്തിൻ്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

അന്വേഷണം ഊർജിതമാക്കി പൊലീസ്

അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് അകലെയുള്ള സ്ഥലത്തായതിനാൽ സ്ഥലത്തെത്തി ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

സിപ്പ്‌ലൈൻ സംവിധാനത്തിൻ്റെ സാങ്കേതിക സുരക്ഷ, ഓപ്പറേറ്ററുടെ പരിശീലനം, അപകടസമയത്തെ സുരക്ഷാ ക്രമീകരണങ്ങൾ, ജീവനക്കാരന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നോ, പാർക്കിന് ലഭിച്ച അനുമതികൾ, പഞ്ചായത്ത് നൽകിയതായി പറയുന്ന സ്റ്റോപ്പ് മെമ്മോ എന്നിവയെല്ലാം അന്വേഷണത്തിൻ്റെ ഭാഗമായി രാജപുരം പൊലീസ് പരിശോധിക്കും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Following the tragic death of 24-year-old zipline operator Sanoop Krishnan at Ranipuram Adventure Park on September 5, 2026, allegations of severe safety lapses have emerged as a ward member claimed the park was operating despite a stop memo and the victim was not provided with safety gear.

#KasargodVartha #RanipuramAdventurePark #ZiplineAccident #KasaragodNews #RajapuramPolice #SafetyLapse #MalayalamNews #LocalNews #Ranipuram #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia